ദിവസവും ഒരു പിടി നിലക്കടല: തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തിക്കും ഗുണകരം

ദിവസവും നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് എന്ത് മാറ്റങ്ങളാണ് സമ്മാനിക്കുക? തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നിലക്കടലയ്ക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉപ്പില്ലാതെ വറുത്ത നിലക്കടല സ്ഥിരമായി കഴിക്കുന്നത് തലച്ചോറിലെ ഓർമയുമായി ബന്ധപ്പെട്ട മേഖലകളിൽ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വാർധക്യത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന ശോഷണത്തെ ഭക്ഷണക്രമത്തിലൂടെ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ പഠനം നൽകുന്നത്.
നെതർലാൻഡ്സിലെ മാസ്ട്രിച് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം പൂർത്തിയാക്കിയത്. 60നും 75നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 31 വ്യക്തികളെ ഉൾപ്പെടുത്തിയായിരുന്നു ഗവേഷണം. ഇതിനായി 16 ആഴ്ചകളോളം ദിവസവും 60 ഗ്രാം വീതം ഉപ്പില്ലാത്ത, തൊലിയോട് കൂടിയ വറുത്ത നിലക്കടല ഇവർക്ക് നൽകി. തുടർന്ന് എട്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിലക്കടല ഒഴിവാക്കിയുള്ള ഭക്ഷണക്രമവും ഇവർ പിന്തുടർന്നു. ഈ രണ്ട് ഘട്ടങ്ങളിലും എം.ആർ.ഐ സ്കാനിങ് വഴി തലച്ചോറിലെ മാറ്റങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. നിലക്കടല കഴിച്ച സമയങ്ങളിൽ ഓർമശക്തി നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് അടക്കമുള്ള തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ ഇൻസുലിൻ പ്രതികരണവുമായി ബന്ധപ്പെട്ട രക്തപ്രവാഹത്തിൽ അനുകൂലമായ മാറ്റങ്ങൾ ഗവേഷകർ നിരീക്ഷിച്ചു. നാഡീകോശങ്ങളുടെ വളർച്ചയ്ക്കും അവ തമ്മിലുള്ള ആശയവിനിമയത്തിനും അതുപോലെതന്നെ ഓർമശക്തി നിലനിർത്തുന്നതിനും ഇൻസുലിൻ അത്യന്താപേക്ഷിതമാണ്.
പഠനത്തിൽ പങ്കെടുത്തവരിൽ 16 ആഴ്ച കൊണ്ട് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ 3.6 ശതമാനത്തിന്റെ വർധനവുണ്ടായി. വാക്കുകൾ പെട്ടെന്ന് ഓർത്തെടുക്കാനുള്ള കഴിവിൽ 5.8 ശതമാനത്തിന്റെ മികച്ച മുന്നേറ്റവും പ്രകടമായി. എന്നിരുന്നാലും, ശരീരത്തിന്റെ ചലനശേഷിയിലോ പ്രവർത്തന വേഗതയിലോ കാര്യമായ മാറ്റങ്ങൾ കണ്ടെത്താനായില്ല. അപൂരിത കൊഴുപ്പുകൾ, ധാതുക്കൾ, നാരുകൾ, കൂടാതെ പോളിഫിനോൾ പോലുള്ള സസ്യസംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് നിലക്കടല. ഇത്തരം ഘടകങ്ങൾ തലച്ചോറിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെയും നാഡീവ്യൂഹത്തെയും സംരക്ഷിക്കുന്നു. നിലക്കടലയിലുള്ള പോഷകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ.




