NEWS

ബോർഡ്, കോർപറേഷൻ നിയമനം: ഗ്രൂപ്പ് നീക്കങ്ങൾക്കപ്പുറം സംഘടിതശക്തി തെളിയിക്കാൻ മുന്നണികൾ; അതൃപ്തിയുമായി മാണി സി.കാപ്പൻ

തിരുവനന്തപുരത്ത് മുന്നണിയിലെ മറ്റ് കക്ഷികൾക്ക് ബോർഡ്, കോർപറേഷൻ പദവികൾ വീതിച്ചു നൽകിയപ്പോൾ കോൺഗ്രസിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ്, വിഷയത്തിൽ അതൃപ്തി പ്രകടിപ്പിക്കാൻ ഒരു പറ്റം നേതാക്കൾ മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും നേരിൽ കാണാൻ തീരുമാനിച്ചത്. മുമ്പ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ഇവർ ഇപ്പോൾ ഔദ്യോഗികമായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചുറപ്പിച്ചാണ് യോഗം ചേർന്നത്.

ബെന്നി ബഹനാൻ, കെ.സി. ജോസഫ്, എം.എം. ഹസൻ തുടങ്ങിയവർ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളാണെങ്കിൽ, പാർട്ടിയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ പി.സി. വിഷ്ണുനാഥും കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകളിൽ കെ.സിക്കൊപ്പമാണ് ഇവർ ഉറച്ചുനിന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അർഹമായ കാര്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചുനിൽക്കാനാണ് ഇവരുടെ തീരുമാനം. എ ഗ്രൂപ്പ് ഇപ്പോൾ ദുർബലമാണെന്ന് വരുത്തിത്തീർത്ത് തങ്ങളെ തഴയാനുള്ള ശ്രമങ്ങളെ ഒരുവിധത്തിലും അംഗീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കി.

അതേസമയം, മന്ത്രിസഭയിൽ പദവി ലഭിക്കാത്തതിൽ പാലാ എംഎൽഎ മാണി സി. കാപ്പൻ തന്റെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. മുസ്‌ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും കാബിനറ്റ് പദവികൾ നൽകിയപ്പോൾ തന്നെ അവഗണിച്ചോ എന്ന് ചോദിച്ചാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. കാബിനറ്റ് റാങ്കോടുകൂടിയ നോർക്ക വൈസ് ചെയർമാൻ സ്ഥാനം വേണമെന്നാണ് മാണി സി. കാപ്പന്റെ പ്രധാന ആവശ്യം.

Fashion ⏭️

Back to top button