ടൈഗർ റിസർവ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്: വരുമാനത്തേക്കാൾ 560% അധിക സ്വത്ത്, സ്വർണവും വെള്ളിയും പിടിച്ചെടുത്തു

ഭോപാൽ∙ ടൈഗർ റിസർവ് ഉദ്യോഗസ്ഥന്റെ വസതികളിലും ഓഫിസിലും ലോകായുക്ത നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ അനധികൃത സ്വത്ത് കണ്ടെടുത്ത്. മധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് കുമാർ ശർമയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ തുടർന്നാണ് നടപടി.
സഞ്ജീവ് ശർമയും കുടുംബാംഗങ്ങളും തങ്ങളുടെ ഔദ്യോഗിക വരുമാനത്തെക്കാൾ ഭീമമായ തുകയുടെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിനായി അദ്ദേഹത്തിന്റെ പച്മർഹിയിലുള്ള ഔദ്യോഗിക വസതി, ഓഫിസ്, ചിന്ദ്വാരയിലെ സ്വകാര്യ ഭവനം എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി. പ്രാഥമിക കണക്കുകൾ പ്രകാരം, വരുമാനത്തിൽ കവിഞ്ഞ് 560 ശതമാനത്തിലധികം സമ്പാദ്യമാണ് ഇവർ ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യക്തമായി.
പരിശോധനയിൽ ഏകദേശം 7.6 കോടി രൂപയുടെ സ്വത്തുവകകളാണ് ലോകായുക്ത കണ്ടെത്തിയത്. ഇതിൽ 26 ലക്ഷം രൂപയുടെ പണത്തിന് പുറമെ, വിപണിയിൽ 3.5 കോടി രൂപ വിലമതിക്കുന്ന 2.528 കിലോ സ്വർണ്ണാഭരണങ്ങളും, 1.6 കിലോ തൂക്കം വരുന്ന വെള്ളിയും ഉൾപ്പെടുന്നു. ഇതുകൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന നാല് വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു.




