ദേശീയപാതയിലെ അപകടം: അധികൃതരുടെ അനാസ്ഥയിൽ രണ്ട് ജീവൻ കൂടി നഷ്ടമായി

നീലേശ്വരം ∙ ദേശീയപാതയിലെ അപകടങ്ങളും തുടർച്ചയായ മുന്നറിയിപ്പുകളും അധികൃതർ പാടെ അവഗണിച്ചതിന്റെ ഒടുവിലത്തെ ഇരകളായി രണ്ട് യുവാക്കൾ കൂടി. റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാക്കൾ ദാരുണമായി മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പടന്നക്കാട് ഭാഗത്ത് ലോറികൾ അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്നത് താൻ നേരത്തെ തന്നെ പോലീസിനെ വിളിച്ചറിയിച്ചിരുന്നെന്നും, അന്ന് അധികൃതർ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും ഒരു യാത്രികൻ ‘മനോരമ’യോട് വെളിപ്പെടുത്തി.
പടന്നക്കാട് കാർഷിക കോളേജിന് സമീപം ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് ബൈക്ക് പാഞ്ഞുകയറി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കാഞ്ഞങ്ങാട്ട് തെയ്യം കാണാൻ യാത്രതിരിച്ചതായിരുന്നു ഇരുവരും. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
നീലേശ്വരം മാർക്കറ്റിലെ ഹോട്ടൽ വസന്തവിഹാറിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു അനുരാഗ്. ബൽത്തങ്ങാടി സ്വദേശികളായ മനോജ് കുമാർ-കെ.പി.റോഷ്നി ദമ്പതികളുടെ മകനാണ്; അനന്യ മനോജ് സഹോദരിയാണ്. പടിഞ്ഞാറ്റംകൊഴുവലിലെ പി.വേണുഗോപാലൻ-പി.യു.ശാന്തി ദമ്പതികളുടെ മകനാണ് ആനന്ദകൃഷ്ണൻ; അരവിന്ദൻ സഹോദരനാണ്.
നാടിന്റെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈ യുവാക്കളെ അവസാനമായി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. വിദേശപര്യടനത്തിലായിരുന്ന എംഎൽഎ സന്ദീപ് വാരിയർ ഫോണിലൂടെ കുടുംബാംഗങ്ങളെ വിളിച്ച് ദുഃഖം പങ്കുവെച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, നീലേശ്വരം നഗരസഭ ചെയർപഴ്സൻ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, നീലേശ്വരം നഗരസഭ വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, പ്രഫ.കെ.പി.ജയരാജൻ, മാമുനി വിജയൻ, മടിയൻ ഉണ്ണിക്കൃഷ്ണൻ, എറുവാട്ട് മോഹനൻ, പി.രാമചന്ദ്രൻ, എം.രാജൻ, സേതു ബങ്കളം, റഫീഖ് കോട്ടപ്പുറം, കെ.പി. നസീർ തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.




