രാംചരൺ ചിത്രം ആർസി 17: പുതിയ ലുക്കിൽ താരമെത്തുന്നു

മെഗാ പവർ സ്റ്റാർ രാം ചരണും പ്രശസ്ത സംവിധായകൻ സുകുമാറും കൈകോർക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ നടന്ന വർണാഭമായ പൂജാ ചടങ്ങുകളോടെ തുടക്കമായി. താൽക്കാലികമായി ‘ആർസി 17’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നീ ബാനറുകൾ സംയുക്തമായാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുഹൂർത്ത ഷോട്ടിന് ക്ലാപ്പടിക്കുകയും ദിൽ രാജുവിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ കൈമാറുകയും ചെയ്തു. ടി-സീരീസ് മേധാവി ഭൂഷൺ കുമാറാണ് ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നവീൻ യേർനേനി, വൈ. രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തകർപ്പൻ വിജയമായി മാറിയ ‘രംഗസ്ഥലം’ എന്ന ചിത്രത്തിന് ശേഷം രാം ചരണും സുകുമാറും ഒന്നിക്കുന്നു എന്നത് ഈ പ്രോജക്റ്റിന്റെ പ്രധാന ആകർഷണമാണ്. ഈ ചിത്രത്തിനായി തികച്ചും വ്യത്യസ്തമായ ഒരു രൂപമാറ്റത്തിന് രാം ചരൺ തയ്യാറെടുക്കുന്നുണ്ട്. അതിനിടെ, പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇതിനകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മയിൽപ്പീലിയുടെ പശ്ചാത്തലത്തിൽ നീല, പച്ച, സ്വർണ നിറങ്ങളുടെ അകമ്പടിയോടെ രാം ചരണിന്റെ മുഖം അതിമനോഹരമായി കോർത്തിണക്കിയ പോസ്റ്റർ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ‘യൂ ക്യാൻ ഇമാജിൻ’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പി.ആർ.ഒ: ശബരി.




