ജെന്റിൽമാൻ: പുത്തൻ റിലീസ് പോസ്റ്റർ പുറത്തിറങ്ങി

തമിഴ് സിനിമാ ചരിത്രത്തിലെ വമ്പൻ വിജയങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ റീ-റിലീസിനോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K അൾട്രാ എച്ച്ഡി ദൃശ്യഭംഗിയിലും, 7.1 സറൗണ്ട് സൗണ്ട് മികവിലും ഡിസംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
സംവിധായകൻ എസ്. ഷങ്കർ ആദ്യമായി ക്യാമറയ്ക്ക് പിന്നിലെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ. ആക്ഷൻ കിംഗ് അർജുൻ നായകനായ ഈ ചിത്രം, മികച്ച ആക്ഷൻ രംഗങ്ങളും ഹൃദ്യമായ പ്രണയവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവും സമന്വയിപ്പിച്ചുകൊണ്ട് ഇന്നും സിനിമാ ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. എ.ആർ. റഹ്മാൻ സംഗീതം നൽകിയ എക്കാലത്തെയും മികച്ച ഗാനങ്ങൾ ബിഗ് സ്ക്രീനിൽ വീണ്ടും ആസ്വദിക്കാൻ പ്രേക്ഷകർക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്.
ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ഈ ചിത്രത്തിൽ മധുബാല, വിനീത്, എം.എൻ. നമ്പ്യാർ, രാജൻ പി. ദേവ്, ചരൺ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തലമുറകൾ കഴിഞ്ഞാലും ആസ്വാദകർ നെഞ്ചിലേറ്റുന്ന ‘ചിക്കു ബുക്കു റെയിലേ’ എന്ന ഗാനരംഗത്തിൽ പ്രഭു ദേവയും ഗൗതമിയും തങ്ങളുടെ നൃത്ത വിസ്മയം തീർത്തിരുന്നു. തോട്ടാ ധരണിയുടെ കലാസംവിധാനവും വി.ടി. വിജയൻ, ബി. ലെനിൻ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: നിയാസ് നൗഷാദ്.




