NEWS
മഞ്ഞ ടാക്സിയിലെ കാഴ്ചകൾ: അനന്തിന്റെ ചിത്രയാത്ര

ന്യൂഡൽഹി ∙ കൊൽക്കത്തയുടെ പഴയകാല സ്മരണകൾ ഉണർത്തുന്ന മഞ്ഞ ടാക്സികൾ; ആ നഗരത്തിന്റെ പൈതൃകവും രാഷ്ട്രീയ പശ്ചാത്തലവും സംസ്കാരത്തിന്റെ വേരുകളും തേടിയുള്ളൊരു ദൃശ്യയാത്രയാണിത്. കൊൽക്കത്തയിലെ മഞ്ഞ ടാക്സികളെ പ്രമേയമാക്കി ഒരുക്കിയ ‘നോ റിഫ്യൂസൽ’ എന്ന ഫൊട്ടോ എക്സിബിഷൻ ഹാബിറ്റാറ്റ് സെന്ററിലെ വിഷ്വൽ ആർട്സ് ഗാലറിയിൽ ഇന്ന് തുടക്കമാകും. ഹാർപ്പർകോളിൻസ് സിഇഒയും ഫൊട്ടോഗ്രാഫറും എഴുത്തുകാരനുമായ അനന്ത് പത്മനാഭൻ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കൊൽക്കത്തയുടെ തെരുവുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. ഈ മാസം 10 വരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ചിത്രവും ഓരോ യാത്രാനുഭവത്തെയാണ് ഓർമിപ്പിക്കുന്നത്. നഗരത്തിലെ ചേരിപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ടാക്സികൾ കൊൽക്കത്ത താണ്ടിയ ദൂരങ്ങളെയും കാലമാറ്റങ്ങളെയും അടയാളപ്പെടുത്തുന്നു. സർവീസ് അവസാനിപ്പിച്ചവയും ഉപേക്ഷിക്കപ്പെട്ടവയുമായ ടാക്സികളും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. മഴനനഞ്ഞ തെരുവിലൂടെ ഇഴഞ്ഞുനീങ്ങുന്ന മഞ്ഞ ടാക്സികളുടെ ദൃശ്യം കാഴ്ചക്കാർക്ക് നവ്യമായ അനുഭവമായിരിക്കും. മഞ്ഞ നിറത്തിൽ നിന്ന് വെള്ള നിറത്തിലേക്കുള്ള ടാക്സികളുടെ മാറ്റവും ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെയും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുറഹ്മാന്റെയും ശിൽപങ്ങൾക്കു മുന്നിലൂടെ കടന്നുപോകുന്ന ടാക്സിയുടെ ചിത്രം ഇതിലൊരു ഹൈലൈറ്റാണ്. ആ ഒരു ദൃശ്യം പകർത്താനായി മണിക്കൂറുകളോളം കാത്തുനിന്ന ക്ഷമയെക്കുറിച്ച് അനന്ത് പത്മനാഭൻ പങ്കുവെക്കുന്നു.




