ശക്തമായ കാറ്റും മഞ്ഞും: വനിതാ പൈലറ്റിന്റെ അവസാന സന്ദേശത്തിന് പിന്നാലെ വിമാനം തീഗോളമായി

ഷിക്കാഗോ ∙ അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ, വിമാനാപകടത്തിന് തൊട്ടുമുമ്പ് വനിതാ പൈലറ്റ് അയച്ച സന്ദേശങ്ങൾ പുറത്തുവന്നു. അപകടത്തിന് പത്ത് മിനിറ്റ് മുൻപ് വരെ എയർ ട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തിയിരുന്ന ഇരുപതുകാരിയായ പൈലറ്റ് നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ്, ആ സമയത്ത് തന്റെ കാമുകന് അയച്ച സന്ദേശത്തിൽ കടുത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ടെന്ന് അവർ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പ്രധാന പൈലറ്റ് ആരാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന ഘട്ടത്തിൽ നതാലിയ അലറുന്നതും, ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയത്തോടെ പ്രാർഥനകൾ ചൊല്ലുന്നതുമായ ശബ്ദങ്ങൾ റെക്കോർഡിംഗിൽ വ്യക്തമാണ്. ഏകദേശം 1,300 മണിക്കൂർ വിമാനം പറത്തിയുള്ള പ്രവൃത്തിപരിചയം നതാലിയക്കുണ്ടായിരുന്നു. പാം ബീച്ച് കൗണ്ടിയിലെ ജനവാസ മേഖലയിലെ ഒഴിഞ്ഞ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങിയതോടെ നിമിഷങ്ങൾക്കുള്ളിൽ അതൊരു തീഗോളമായി മാറുകയായിരുന്നു. തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായി വിമാനം തകർന്നുവീണത് വൻ ഭീതിയാണ് സൃഷ്ടിച്ചത്. സംഭവസ്ഥലത്ത് നിന്നും ഏകദേശം 600 പേരെ അടിയന്തരമായി ഒഴിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ഔദ്യോഗിക വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SemperRaw എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)




