LIFESTYLE

ഉപ്പിന്റെ ഗുണമേന്മ തിരിച്ചറിയാം: പായ്ക്കറ്റിലെ വിവരങ്ങൾ ശ്രദ്ധിക്കേണ്ടതെങ്ങനെ?


പ്രതീകാത്മക ചിത്രം

നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് സ്വാദേകുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ അയഡിൻ ലഭ്യമാക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനത്തിനും ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയകൾക്കും അയഡിൻ അത്യന്താപേക്ഷിതമാണ്. എന്നാൽ വിപണിയിൽ ലഭ്യമായ വൈവിധ്യമാർന്ന ഉപ്പുകളിൽ ഏതാണ് ആരോഗ്യത്തിന് ഉത്തമമെന്ന കാര്യത്തിൽ പലർക്കും ഇന്നും സംശയമുണ്ട്.

പിങ്ക് സാൾട്ട്, ഇന്തുപ്പ്, കല്ലുപ്പ്, കടലുപ്പ് തുടങ്ങി നിരവധി തരം ഉപ്പുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ഇവ സാധാരണ ഉപ്പിനേക്കാൾ ഗുണകരമാണെന്നും ധാതുക്കൾ ധാരാളമുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചാരമുണ്ട്. എന്നാൽ എല്ലാത്തരം ഉപ്പുകളിലും അയഡിൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഹൈദരാബാദിലെ ക്യാൻസർ സർജനായ ഡോ. അർജുൻ ശങ്കരൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങൾ വിവിധതരം ഉപ്പുകളെക്കുറിച്ചും അവ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്നു. ശരീരത്തിൽ അയഡിന്റെ അളവ് കുറയുന്നത് ഗോയിറ്റർ, ഹൈപ്പർ തൈറോയിഡിസം, ഓർമശക്തി കുറവ്, ഗർഭകാല ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

1. വെളുത്ത ഉപ്പ്

വെളുത്ത ഉപ്പ് ബ്ലീച്ച് ചെയ്ത് വെളുപ്പിക്കുന്നതാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഉപ്പ് സ്വാഭാവികമായി തന്നെ വെളുത്ത നിറമുള്ളതാണ്. ഇന്ത്യയിൽ ലഭ്യമായ മിക്ക ഉപ്പുകളും കടൽവെള്ളത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. സൂര്യപ്രകാശത്തിൽ ഉണക്കി ശുദ്ധീകരിച്ച ശേഷം ഇതിലേക്ക് അയഡിൻ ചേർക്കുകയാണ് ചെയ്യുന്നത്. പാക്കറ്റുകളിൽ ‘അയഡൈസ്ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം ഇത്തരം ഉപ്പ് വാങ്ങുക. നിത്യോപയോഗത്തിന് ഏറ്റവും അനുയോജ്യം അയഡിൻ ചേർത്ത വെളുത്ത ഉപ്പാണ്.

2. ഇന്തുപ്പ്, പിങ്ക് സാൾട്ട്, കറുത്ത ഉപ്പ്

ഇന്നത്തെ കാലത്ത് പിങ്ക് സാൾട്ടിനും ഇന്തുപ്പിനും വലിയ സ്വീകാര്യതയുണ്ട്. എന്നാൽ ഇവയിൽ അയഡിന്റെ അംശം വളരെ കുറവായിരിക്കാം. പാറകളിൽ നിന്ന് ലഭിക്കുന്ന ഈ ഉപ്പുകളിൽ മറ്റ് ധാതുക്കൾ ചെറിയ തോതിലുണ്ടെങ്കിലും അവ കാര്യമായ ആരോഗ്യഗുണങ്ങൾ നൽകുന്നില്ല. കറുത്ത ഉപ്പിന്റെ അവസ്ഥയും മറിച്ചല്ല. അതിനാൽ, ഇത്തരം ഉപ്പുകൾ ദിവസവും ഉപയോഗിക്കുന്നതിനേക്കാൾ, വല്ലപ്പോഴും വ്യത്യസ്തമായ രുചി ലഭിക്കാൻ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.

3. കടൽ ഉപ്പ്

നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ള ഒന്നാണ് കടലുപ്പ്. എന്നാൽ കടൽ ഉപ്പായതുകൊണ്ട് മാത്രം അതിൽ അയഡിൻ ഉണ്ടാകണമെന്നില്ല. ഉപ്പ് വാങ്ങുമ്പോൾ പാക്കറ്റിൽ അയഡൈസ്ഡ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.

4. കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പ്

ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് സോഡിയം നിയന്ത്രിക്കാൻ കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പുകൾ പ്രയോജനപ്പെടാം. സാധാരണ ഉപ്പിലെ സോഡിയം ക്ലോറീഡിന് പകരം പൊട്ടാസ്യം ക്ലോറീഡ് ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. എന്നാൽ വൃക്കരോഗമുള്ളവരും പൊട്ടാസ്യം അടങ്ങിയ മരുന്നുകൾ കഴിക്കുന്നവരും ബിപിക്ക് മരുന്നെടുക്കുന്നവരും ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരം ഉപ്പുകളിലേക്ക് മാറാവൂ എന്ന് ഡോ. ശങ്കരൻ കർശനമായി മുന്നറിയിപ്പ് നൽകുന്നു.

ഉപ്പിന്റെ നിറത്തിലല്ല, മറിച്ച് അതിൽ അടങ്ങിയിരിക്കുന്ന അയഡിന്റെ അളവിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് അദ്ദേഹം അടിവരയിടുന്നു. തൈറോയ്‌ഡ് പ്രവർത്തനത്തിനും ശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയ്ക്കും അയഡിൻ അത്യാവശ്യമാണ്. കൂടാതെ, അയഡിന്റെ സാന്നിധ്യം ചില തൈറോയ്‌ഡ് ക്യാൻസറുകളെ തടയാനും സഹായിക്കുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി അയഡിൻ കലർത്തിയ ഏത് ഉപ്പും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പാക്കറ്റിലെ ‘അയോഡൈസ്‌ഡ്’ എന്ന ലേബൽ മാത്രം നോക്കി ഉറപ്പുവരുത്തുക എന്നതാണ് ഇതിൽ പ്രധാനം.


RELATED TOPICS: SALT FOR HEALTH, HEALTH CARE, TYPES OF SALT, HEALTH TIPS, GOOD FOOD FOR HEALTH

Sports ⏭️

Back to top button