ഇറക്കുമതി മരുന്നുകൾക്ക് ഒരു വർഷത്തെ കാലാവധി നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. ഇനിമുതൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. വിതരണ ശൃംഖലയിൽ മരുന്നുകൾ വെറുതെ കെട്ടിക്കിടന്നു നശിക്കുന്നത് ഒഴിവാക്കാനും, കാലാവധി അവസാനിക്കാറായ മരുന്നുകൾ വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനം.
അതേസമയം, ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും ഈ നിബന്ധനയിൽ ഇളവുണ്ടാകും. ഇവയുടെ പാക്കറ്റിൽ രേഖപ്പെടുത്തിയ മൊത്തം കാലാവധിയുടെ 60 ശതമാനം ബാക്കിയുണ്ടെങ്കിൽ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കും. 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ ഇത് നടപ്പിലാക്കിയത്. ‘ഡ്രഗ്സ് പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ, 2026’ എന്ന പേരിലുള്ള വിജ്ഞാപനം ഒക്ടോബർ 28-ന് ഔദ്യോഗിക ഗസറ്റിൽ വന്നതോടെ പുതിയ നിയമം നിലവിൽ വന്നു. ഇറക്കുമതി വേളയിൽ ഒരു വർഷത്തിൽ താഴെ മാത്രം കാലാവധിയുള്ള മരുന്നുകൾക്ക് ലൈസൻസിങ് അതോറിറ്റി യാതൊരു കാരണവശാലും അനുമതി നൽകില്ലെന്ന് വിജ്ഞാപനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
നേരത്തേ, മരുന്നുകളുടെ ആകെ കാലാവധിയുടെ 60 ശതമാനത്തിലധികം ബാക്കിയുണ്ടെങ്കിൽ മാത്രമേ ഇറക്കുമതി സാധ്യമായിരുന്നുള്ളൂ. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് സാധാരണ മരുന്നുകൾക്ക് 12 മാസം എന്ന നിശ്ചിത കാലാവധി ഏർപ്പെടുത്തിയത്. ബയോളജിക്കൽ, റേഡിയോഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ പ്രത്യേകതകളും പൊതുജനാരോഗ്യ താല്പര്യങ്ങളും കണക്കിലെടുത്താണ് അവയ്ക്ക് പഴയതുപോലെ 60 ശതമാനം എന്ന മാനദണ്ഡം തുടരുന്നത്. ജൂൺ 22-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന് ലഭിച്ച പൊതുജനാഭിപ്രായങ്ങളും വിദഗ്ധ നിർദേശങ്ങളും കൂടി പരിശോധിച്ച ശേഷമാണ് സർക്കാർ അന്തിമ തീരുമാനമെടുത്തത്.
മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട മറ്റ് മാനദണ്ഡങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചശേഷം രാജ്യത്തിനകത്ത് സുഗമമായി വിതരണം ചെയ്യാനും രോഗികളിലേക്ക് എത്തിക്കാനും ആവശ്യമായ സമയം ഉറപ്പാക്കുകയാണ് ഈ മാറ്റത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. മരുന്നുകൾ പാഴാകുന്നത് തടയുന്നതിലൂടെ വിതരണ ശൃംഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.




