NEWS

കേരള യൂണിവേഴ്‌സിറ്റി കരാർ അദ്ധ്യാപക നിയമനം: സംവരണ അട്ടിമറിക്ക് നീക്കം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ നൂറിലധികം അധ്യാപക തസ്തികകളിലെ കരാർ നിയമനങ്ങളിൽ സംവരണതത്വം അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപം. സർക്കാരിന്റെയും സർവകലാശാലയുടെയും ഔദ്യോഗിക നിർദ്ദേശങ്ങളും യു.ജി.സിയുടെ കൃത്യമായ ചട്ടങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് നിലവിൽ നിയമന നടപടികൾ പുരോഗമിക്കുന്നത്. എല്ലാ പഠന വകുപ്പുകളിലെയും ഒഴിവുകൾ സംയോജിപ്പിച്ച് സംവരണക്രമം പാലിച്ച് നിയമനം പൂർത്തിയാക്കണമെന്നിരിക്കെ, ഇത് അവഗണിച്ച് ഏകപക്ഷീയമായി ഇന്റർവ്യൂ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ഒറ്റ ഒഴിവുകൾ മാത്രമുള്ള വകുപ്പുകളിൽ സംവരണം നടപ്പിലാക്കാൻ പ്രയാസമാണെന്ന സാഹചര്യം മറികടക്കാനാണ് മുൻപ് ഇത്തരം ചട്ടങ്ങൾ കൊണ്ടുവന്നത്. 2017 ജൂലൈയിൽ പാർലമെന്റ് അംഗീകരിച്ച ഭേദഗതി നിയമം ഇതിനായി നിലവിലുണ്ട്. എന്നാൽ, യു.ഡി.എഫ് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ്, ഓരോ വകുപ്പിനെയും പ്രത്യേകം യൂണിറ്റുകളായി കണക്കാക്കി നിയമനം നടത്താനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു നടപടി പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ സംവരണ ആനുകൂല്യങ്ങൾ നിഷേധിക്കാൻ മാത്രമേ ഉപകരിക്കൂ.

ഉത്തരവിന് ആധാരം

കേരള കൗമുദി റിപ്പോർട്ട്

സർവകലാശാലകളിലെ അധ്യാപക ഒഴിവുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് നിയമനം നടത്തണമെന്ന നിർദ്ദേശം ഉമ്മൻചാണ്ടി സർക്കാർ 2014 ജൂലൈ 20-ന് ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. നിയമന പ്രക്രിയയിൽ ‘സിംഗിൾ യൂണിറ്റ്’ എന്ന തന്ത്രമുപയോഗിച്ച് സംവരണവിഭാഗങ്ങളെ തഴയുന്നതിനെതിരെ കേരള കൗമുദി പുറത്തുവിട്ട വാർത്താപരമ്പരകളാണ് ഈ ഉത്തരവിലേക്ക് നയിച്ചത്. ഇതിന്റെ തുടർച്ചയായാണ് 1974-ലെ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട്, 2017 ഒക്ടോബർ 25-ന് കേരള സർവകലാശാല പ്രത്യേക ഉത്തരവ് (NO.AD.H/30651/2017) പുറത്തിറക്കിയത്.

45 ദിവസത്തെ നിയമത്തിനും

സംവരണം ബാധകം:യു.ജി.സി

കരാർ നിയമനമായതുകൊണ്ട് സംവരണത്തിന് ഇവിടെ പ്രസക്തിയില്ലെന്ന തെറ്റായ വാദമാണ് ഉദ്യോഗസ്ഥവൃന്ദം ഉയർത്തുന്നത്. എന്നാൽ യു.ജി.സി നിർദ്ദേശങ്ങളെ ബോധപൂർവം മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത്. 45 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള എല്ലാവിധ നിയമനങ്ങൾക്കും സംവരണ നിയമങ്ങൾ ബാധകമാണെന്ന് യു.ജി.സി സെക്രട്ടറി പ്രൊഫ. മനോജ് ജോഷി 2026 ഫെബ്രുവരി 16-ന് രാജ്യത്തെ എല്ലാ വൈസ് ചാൻസലർമാർക്കും അയച്ച സർക്കുലറിൽ (D.O.NO.F.3-9/ 2024 (SCT/ INFORMATION) E-149946) കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button