NEWS

സമുദായ ഭിന്നത അർഹമായ പരിരക്ഷ ഇല്ലാതാക്കുന്നു: വെള്ളാപ്പള്ളി നടേശൻ

കൊല്ലം: സമുദായത്തിനകത്തുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും ചേരിതിരിവുകളും മൂലം അർഹതപ്പെട്ട സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങൾ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം റീജിയണിലെ ഔദ്യോഗിക പാനലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീനാരായണ ധ്യാനമന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിലെ ഐക്യമില്ലായ്മയാണ് അധികാര സ്ഥാനങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും മതിയായ പങ്കാളിത്തം ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. വളരെ ചെറിയൊരു വിഭാഗം ആളുകൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയിൽ പോയി എസ്.എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും പ്രവർത്തനങ്ങളെ മനഃപൂർവം സ്തംഭിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതി കേസുകൾ എന്ന പേരിൽ പിരിവ് നടത്തുന്ന ഇക്കൂട്ടർ, പിന്നീട് പണത്തിന്റെ കണക്കിൽ തർക്കിക്കുകയും പരസ്പരം കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. 1996-ൽ താൻ ചുമതലയേൽക്കുമ്പോൾ വെറും 6.23 കോടി രൂപ മാത്രമായിരുന്നു ട്രസ്റ്റിന്റെ ആസ്തി. എന്നാൽ ഇന്നത് 146.21 കോടിയായി വളർന്നു; അതായത് 2,245 ശതമാനത്തിന്റെ വർധന. അതുപോലെ, 1996-ൽ യോഗത്തിന്റെ ആസ്തി 78.62 ലക്ഷമായിരുന്നെങ്കിൽ 2026-ൽ അത് 339.21 കോടിയായി ഉയർന്നു. ഈ തടസ്സവാദങ്ങളും നിയമപ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നില്ലെങ്കിൽ സമുദായത്തിന് ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഔദ്യോഗിക പാനലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് വെള്ളാപ്പള്ളി നടേശൻ പ്രകാശനം നിർവഹിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി. ബി. ഗോപകുമാർ എം.എൽ.എ, സെക്രട്ടറി വിജയകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Sports ⏭️

Read News ⏭️

Back to top button