ഐ.പി.എസ് നൽകിയില്ല: വിരമിച്ച എസ്.പിക്ക് 6.84 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം നിഷേധിക്കപ്പെട്ട വിരമിച്ച എസ്.പിക്ക് 6,84,828 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എറണാകുളം സബ് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം സി.ബി. അബ്ദുറഹിമാൻ കുട്ടിക്ക് അർഹമായ തുക ലഭ്യമാക്കാനാണ് ഉത്തരവ്. 1997-98 കാലയളവിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി ഇദ്ദേഹത്തെ തിരഞ്ഞെടുത്തുവെങ്കിലും, സർക്കാർ നടപടികളിലുണ്ടായ കാലതാമസം കാരണം നിയമനം ലഭിച്ചിരുന്നില്ല.
യു.പി.എസ്.സി അംഗീകരിച്ച സെലക്ട് ലിസ്റ്റ് പ്രകാരം 1997 നവംബർ 30-നകം ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം തടഞ്ഞുവെച്ചത്. എന്നാൽ, ഐ.പി.എസ് ലഭിച്ചിരുന്നെങ്കിൽ ലഭിക്കേണ്ടിയിരുന്ന ശമ്പള സ്കെയിലും, സർവീസിൽ നിന്ന് വിരമിച്ച ശേഷം ലഭിച്ച പെൻഷനും തമ്മിലുള്ള അന്തരമായ 6,84,828 രൂപ, 6 ശതമാനം പലിശ സഹിതം നൽകണമെന്ന് സബ് കോടതി ഉത്തരവിടുകയായിരുന്നു.
ഈ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയെങ്കിലും അവ തള്ളുകയായിരുന്നു. തുടർന്ന്, നിയമനടപടികളുടെ ഭാഗമായി നഷ്ടപരിഹാരത്തുക അനുവദിക്കാൻ തീരുമാനമായി. തുകയും പലിശയും മൂന്ന് തവണകളായി വിതരണം ചെയ്യാൻ പോലീസ് മേധാവിക്ക് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ വിരമിച്ചാലും യു.പി.എസ്.സി സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം നൽകാൻ വ്യവസ്ഥയുണ്ടായിട്ടും സർക്കാർ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കേസിനാസ്പദമായത്.




