വിദേശ സഹായത്തോടെ പ്രധാനമന്ത്രിയായെന്ന ആരോപണം; നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദേശ രാജ്യങ്ങളുടെ ഒത്താശയോടെയാണ് നരേന്ദ്ര മോദി ഭരണത്തിലിരിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതും നിയന്ത്രിക്കുന്നതും വിദേശ ശക്തികളാണെന്നും, ആഗോള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അദ്ദേഹത്തിന് അമിത പ്രാധാന്യവും പിന്തുണയും നൽകുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
‘‘മിസ്റ്റർ മോദി, രാജ്യത്തോട് കള്ളം പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. വിദേശികളുടെ സഹായം കൊണ്ടാണ് താങ്കൾ പ്രധാനമന്ത്രി പദവിയിൽ എത്തിയത്. ഇപ്പോഴും ആ സ്ഥാനത്ത് തുടരാൻ താങ്കളെ സഹായിക്കുന്നതും അതേ വിദേശ ശക്തികളാണ്. താങ്കളുടെ സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നതും പിന്തുണ നൽകുന്നതും വിദേശികളാണ്. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ താങ്കൾക്ക് സമ്പൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്’’– രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.




