NEWS
വേണു ശ്രീനിവാസൻ vs നോയൽ ടാറ്റ; ടാറ്റ ഗ്രൂപ്പിലെ തർക്കം പുതിയ തലത്തിലേക്ക്

കൊച്ചി/മുംബൈ ∙ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ (എസ്ഡിടിടി) പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ചാരിറ്റി കമ്മിഷനോട് ദൊറാബ്ജി ട്രസ്റ്റിയും ടാറ്റ സൺസ് ബോർഡിലെ പ്രതിനിധിയുമായ വേണു ശ്രീനിവാസൻ ആവശ്യപ്പെട്ടതോടെ ശ്രീനിവാസനും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും തമ്മിലുള്ള തർക്കം കൂടുതൽ വഷളായി. ടാറ്റ സൺസിനെ പബ്ലിക് ലിസ്റ്റിങ്ങിൽ നിന്ന് രക്ഷിക്കാൻ ആവിഷ്കരിക്കുന്ന തന്ത്രങ്ങൾ നോയലിന് തിരിച്ചടിയാകാനാണ് സാധ്യത. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ വൻ വീഴ്ച ആരോപിക്കുന്ന വേണു ശ്രീനിവാസൻ, ജീവകാരുണ്യ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ട്രസ്റ്റും അതിന്റെ ട്രസ്റ്റികളും ടാറ്റ സൺസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലും നയപരമായ തീരുമാനങ്ങളിലും ഇടപെടുകുയാണെന്ന് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. നോയൽ ടാറ്റയുടെ എസ്ഡിടിടിയിലെ ആജീവനാന്ത ട്രസ്റ്റി സ്ഥാനവും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനെ തിരഞ്ഞെടുക്കുന്ന രീതിയും നോയലിന്റെ മകൻ നെവിൽ ടാറ്റയെ എസ്ഡിടിടിയിൽ ട്രസ്റ്റി ആക്കിയതും വേണു ശ്രീനിവാസൻ പരാതിയിൽ ചോദ്യം ചെയ്യുന്നു. ടാറ്റ സൺസിന്റെ ലിസ്റ്റിങ് മറികടക്കാനുള്ള മാർഗവും എസ്പി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാനുള്ള നിർദേശവും മുന്നോട്ടു വയ്ക്കുന്നതു വഴി നോയൽ ടാറ്റ നേരിട്ട് ടാറ്റ സൺസിന്റെ സാമ്പത്തിക കാര്യങ്ങളിൽ നിർദേശങ്ങൾ നൽകുകയും അത് നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇത് ട്രസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്നും വേണു ചൂണ്ടിക്കാട്ടുന്നു. എസ്ഡിടിടിക്ക് ടാറ്റ സൺസിൽ 27.88% വോട്ടും എസ്ആർടിടിയ്ക്ക് 23.56% വോട്ടുമാണുള്ളത്. അങ്ങനെ അവർക്ക് ആകെ 51.54% വോട്ടാണ് ടാറ്റ സൺസിൽ ഉള്ളത്. ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊലൂഷൻസ്, ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സ് എന്നീ കമ്പനികളെ ടാറ്റ സൺസിൽ ലയിപ്പിച്ച് ലിസ്റ്റിങ് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് കടമ്പകളേറെ. ലിസ്റ്റ് ചെയ്യണമെന്ന് ശക്തിയായി വാദിക്കുന്ന, ടാറ്റ സൺസിൽ 18.37% ഓഹരി പങ്കാളിത്തമുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ലയനം നടന്നാൽ അതിനെതിരെ നാഷനൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചേക്കും. ഈ പ്രതിസന്ധികളെല്ലാം മറികടന്നാലേ, നോയൽ ടാറ്റയ്ക്ക് വഞ്ചി ഒരു കരയ്ക്കെത്തിക്കാൻ കഴിയൂ. ടാറ്റ ഗ്രൂപ്പ് ഓഹരികൾ ഇന്നും നഷ്ടത്തിൽ ടാറ്റ ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്നും നഷ്ടത്തിലാണുള്ളത്. ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 3.72%, ടാറ്റ കെമിക്കൽസ് 0.99%, ഇന്ത്യൻ ഹോട്ടൽസ് 1.78%, ടാറ്റ കമ്യൂണിക്കേഷൻസ് 1.47%, ട്രെന്റ് 2.41%, ടാറ്റ എൽക്സി 1.28%, ടാറ്റ ടെക്നോളജീസ് 1.78%, ടാറ്റ ക്യാപിറ്റൽ 3.26%, ടാറ്റ മോട്ടോഴ്സ് 3.8%, തേജസ് നെറ്റ്‍വർക്ക്സ് 3.56%, നെൽകോ 2.41%, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ 2.1%, വോൾട്ടാസ് 2.23% , ടാറ്റ പവർ 2.65%, ടൈറ്റൻ 1.94%, ടാറ്റ സ്റ്റീൽ 3.9% എന്നിങ്ങനെ നഷ്ടത്തിലാണ്. ടിസിഎസ് 0.32%, ടാറ്റ കൺസ്യൂമർ 0.47% എന്നിങ്ങനെ നേരിയ നേട്ടത്തിലുമാണ് വ്യാപാരം ചെയ്യുന്നത്.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Fashion ⏭️




