NEWS
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ല തൂത്തുവാരി യുഡിഎഫ്; കുന്നന്താനത്ത് എൻഡിഎ രണ്ടാമത്

പത്തനംതിട്ട∙ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്. കുറ്റൂർ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തംഗമായിരിക്കെ അടൂർ എംഎൽഎയായതോടെ സി.വി.ശാന്തകുമാർ രാജിവച്ച വാർഡാണു കല്ലേലി. ഓതറയിൽ പഞ്ചായത്തംഗം മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മറ്റു രണ്ടിടങ്ങളിൽ ജോലി ലഭിച്ചതിനെത്തുടർന്നു പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ചത്. ജില്ലയിൽ 67.31% പോളിങ് ആണ് രേഖപ്പെടുത്തിയത്. 2788 പേർ വോട്ട് ചെയ്തു.റാന്നി റാന്നി പഞ്ചായത്തിലെ ബ്ലോക്ക്പടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.ആർ. രമ്യമോൾ 5 വോട്ടിന് ജയിച്ചു. രമ്യമോൾക്ക് 287 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജിസി സാബുവിന് 282 വോട്ടും എൻഡിഎയുടെ മേഘാ ജയന് 16 വോട്ടും ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ 71.77% പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 815 വോട്ടർമാരിൽ 585 പേർ വോട്ടു ചെയ്തു. 344 സ്ത്രീകളും 241 പുരുഷൻമാരുമാണു വോട്ട് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 544 വോട്ടുകളാണു ചെയ്തത്. അന്നു യുഡിഎഫ് സ്ഥാനാർഥി 86 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.കുറ്റൂർ കുറ്റൂർ പഞ്ചായത്തിലെ ഓതറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രതീഷ്മോൻ രവി 148 വോട്ടിനു വിജയിച്ചു. രതീഷിന്റെ പിതാവ് രവി പഞ്ചായത്ത് അംഗമായിരിക്കെ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഓതറയിൽ 64.84% പോളിങ് രേഖപ്പെടുത്തി. 1098 വോട്ടർമാരിൽ 712 പേർ വോട്ട് രേഖപ്പെടുത്തി. 342 പുരുഷന്മാരും 370 സ്ത്രീകളുമാണു വോട്ട് ചെയ്തത്.
Fashion ⏭️




