HEALTH

20 വർഷത്തിനിടെ ഐഐടികളിൽ മരിച്ചത് 173 വിദ്യാർഥികൾ; 70 ശതമാനവും കഴിഞ്ഞ 10 വർഷത്തിനിടെ | 173 IIT Student Deaths in 20 Years, 70% in Last 10 Years


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ (ഐ.ഐ.ടി) വിദ്യാഥികളുടെ ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും ക്രമാതീതമായി വർധിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 171 വിദ്യാർഥികളാണ് ഐ.ഐ.ടികളിൽ ആത്മഹത്യയിലൂടെയോ അസ്വാഭാവിക മരണത്തിലൂടെയോ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ഐ.ഐ.ടി പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ പഠനം വ്യക്തമാക്കുന്നു. 2006 മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കുകൾ സമാഹരിച്ചാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഗ്ലോബൽ ഐ.ഐ.ടി അലുംനി സപ്പോർട്ട് ഗ്രൂപ്പ് സ്ഥാപകനും ഐ.ഐ.ടി കാൺപൂർ പൂർവ്വ വിദ്യാർഥിയുമായ ധീരജ് സിങ് ആണ് ഈ കണക്കുകൾ സമാഹരിച്ച് വിശകലനം ചെയ്തത്. റിപ്പോർട്ട് പ്രകാരം 2006 മുതൽ 2015 വരെയുള്ള പത്ത് വർഷക്കാലയളവിൽ 51 വിദ്യാർഥി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് 120 ആയി ഉയർന്നു. അതായത് മൊത്തം മരണങ്ങളുടെ 70 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ 10 വർഷത്തിനിടെയാണ്. ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ 171 മരണങ്ങൾ എന്നത് ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാൻ കഴിയില്ലെന്നും ഇത് വ്യക്തമായ വർധനവ് സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥിഥികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് കൊണ്ട് മാത്രം ഈ വർധനവിനെ വിശദീകരിക്കാൻ കഴിയില്ലെന്നും ധീരജ് സിങ്ങിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു.കൂടുതൽ ഏറ്റവും ആശങ്കാജനകമായ മറ്റൊരു കണ്ടെത്തൽ, രേഖപ്പെടുത്തിയ ആത്മഹത്യകളിൽ 82 ശതമാനവും ഐ.ഐ.ടി ക്യാമ്പസുകൾക്കുള്ളിൽ തന്നെ നടന്നിട്ടുണ്ട് എന്നതാണ്. ഇത് സ്ഥാപനങ്ങൾക്കുള്ളിലെ സമ്മർദങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. പരീക്ഷാ കാലത്തും റിസൾട്ട് വരുന്ന സമയത്തുമാണ് മരണങ്ങൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം സെമസ്റ്റർ അവധിക്കാലത്ത് ഇത്തരം സംഭവങ്ങൾ കുറയുന്നതായും പഠനം കണ്ടെത്തി. അക്കാദമിക് സമ്മർദം, മത്സരം, പ്രതീക്ഷകൾക്കൊത്ത് ഉയരാനാകാത്തതിലുള്ള മാനസിക സംഘർഷം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഐ.ഐ.ടികളിലെ വിദ്യാർഥി ആത്മഹത്യകൾ ഒറ്റപ്പെട്ടതോ സ്ഥിതിവരക്കണക്ക് പ്രകാരം നിസ്സാരമോ ആയ സംഭവങ്ങളുടെ പരമ്പരയല്ലെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഇത് നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ഇവ കൃത്യമായ പാറ്റേണിൽ സംഭവിക്കുന്നതും, മുൻകൂട്ടി കാണാൻ കഴിയുന്നതും, തടയാൻ കഴിയുന്നതുമാണ്. രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തെയും മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഐ.ഐ.ടികളിൽ കൗൺസിലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, അക്കാദമിക സമ്മർദം കുറക്കുക, വിദ്യാർഥികൾക്ക് തുറന്ന് സംസാരിക്കാനുള്ള ഇടം ഒരുക്കുക തുടങ്ങിയ അടിയന്തര നടപടികൾ ആവശ്യമാണെന്നും പൂർവ്വ വിദ്യാർഥി കൂട്ടായ്മ ആവശ്യപ്പെടുന്നു.


Life Style ⏭️

Back to top button