NEWS
ഒക്ടോബർ ഒന്നു മുതൽ എൽപിജി ബുക്കിങിൽ മാറ്റം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സിലിണ്ടറിന് അധിക തുക

സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നു മുതൽ സബ്സിഡി സിലിണ്ടർ ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിരിക്കണമെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സർക്കാർ സഹായം ശരിയായ ഉപഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നീക്കമെന്നാണ് വിശദീകരണം. സബ്സിഡി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ഇതുപകരിക്കും. യോഗ്യരല്ലാത്തവരെ ഒഴിവാക്കാനും കഴിയുമെന്നും മന്ത്രാലയം പറയുന്നു. സെപ്റ്റംബർ 19 വരെയുള്ള കണക്കു പ്രകാരം ആകെ 27.43 കോടി ഉപഭോക്താക്കൾക്കാണ് സബ്സിഡി നിരക്കിൽ രാജ്യത്ത് എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നത്. ഇതിൽ 89.9% പേരും ആധാർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് പരിശോധന പൂർത്തിയാക്കേണ്ടതാണ്. പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് സബസിഡി നിരക്കിൽ സിലിണ്ടർ ലഭിക്കും. ഇതിനോടകം ബയോമെട്രിക് പരിശോധന നടത്തിയവർക്ക് സാധാരണ പോലെ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് പരിശോധന എങ്ങനെമൂന്നു തരത്തിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ∙എൽപിജി സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട എണ്ണ കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡെലിവറി ഏജന്റിന് പരിശോധന നടത്താം. ∙സിലിണ്ടർ വിതരണക്കാരുടെ ഓഫീസുകളിൽ നേരിട്ടെത്തി ∙എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന് വീട്ടിൽ ഇരുന്ന് ചെയ്യാം
Fashion ⏭️




