NEWS
ഹോട്ടൽ ഭക്ഷണത്തിൽ വണ്ടെന്ന് പരാതി, സംഘർഷം; പക്ഷേ… ‘മുകളിലൊരാൾ’ എല്ലാം കണ്ടു, ട്വിസ്റ്റ് – വിഡിയോ

കുന്നമംഗലം (കോഴിക്കോട്) ∙ കുന്നമംഗലം മുറിയനാൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന പേരിൽ നടന്ന അതിക്രമങ്ങൾക്കു പിന്നിൽ ആസൂത്രിത നീക്കമെന്ന് ഉടമയുടെ പരാതി. ഭക്ഷണത്തിൽ വണ്ടിനെ കണ്ടു എന്ന പരാതിയിൽ മൂന്നു പേരാണ് ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എന്നാൽ ഇവർ തന്നെ കൊണ്ടു വന്ന വണ്ടിനെയാണ് ഭക്ഷണത്തിൽ ഇട്ടതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അടക്കമാണ് ഉടമ റഫീഖ് പൊലീസിൽ പരാതി നൽകിയത്. ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആക്ഷേപം ഉയർന്നതോടെ തൊട്ടടുത്ത ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തി എന്ന ആരോപണവുമായി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ഹോട്ടലിൽ അതിക്രമം നടത്തിയവർ ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നാണ് പരാതിക്കാരനായ കൊടുവള്ളി കളരാന്തരി വട്ടത്താം പോയിൽ അൻവറിന്റെ വാദം. ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ അൻവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
Fashion ⏭️


