HEALTH

ഭക്ഷണത്തിലൂടെയും വായുവിലൂടെയും മൈക്രോപ്ലാസ്റ്റിക് രക്തത്തിലെത്തുന്നു; ഹൃദയത്തിന് എന്ത് സംഭവിക്കും? | Microplastics Threaten Heart Health


മനുഷ്യ രക്തത്തിൽ കലരുന്ന അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ (മൈക്രോപ്ലാസ്റ്റിക്സ്) ഗുരുതരമായ ഹൃദയ-ധമനി രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെയും ആസ്റ്റർ ആർ വി ഹോസ്പിറ്റൽ ബംഗളുരുവിലെയും വിദഗ്ധരാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഭക്ഷണത്തിലൂടെയും വായുവിലൂടെയും ശരീരത്തിലെത്തുന്ന ഈ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ രക്തക്കുഴലുകളുടെ ഉൾഭിത്തികളിൽ അടിഞ്ഞുകൂടുന്നു. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഈ കണങ്ങളിൽ ഒരു പങ്ക് സ്വാഭാവിക പ്രതിരോധ പാളികളെ ഭേദിച്ച് രക്തപ്രവാഹത്തിൽ കലരുകയും മറ്റ് അവയവങ്ങളിലേക്ക് എത്തുകയും ചെയ്യാം. ഇത് രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗികളിൽ നിന്ന് നീക്കം ചെയ്ത രക്തക്കുഴലുകളിലെ തടസ്സങ്ങൾ പരിശോധിച്ചതിൽ 50 ശതമാനത്തോളം ആളുകളിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിലൂടെയും ശ്വസനത്തിലൂടെയും ശരീരത്തിലെത്തുന്ന ഈ പ്ലാസ്റ്റിക് കണങ്ങൾ രക്തക്കുഴലുകളുടെ ആന്തരിക പാളിയായ ‘എൻഡോതീലിയത്തെ’ ഗുരുതരമായി ബാധിക്കുന്നു. ഇത് കോശങ്ങളുടെ സ്വാഭാവിക ഊർജ്ജോത്പാദനം കുറക്കുകയും ഹൃദയപേശികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. എങ്കിലും, മൈക്രോപ്ലാസ്റ്റിക് ഹൃദ്രോഗത്തിന് നേരിട്ടുള്ള കാരണമാണെന്ന് തീർത്തു പറയാൻ കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. നിലവിൽ ഇതൊരു വലിയ അപകടസാധ്യതയായാണ് ഗവേഷകർ കണക്കാക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കാതിരിക്കുക, പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ്സ് കുപ്പികൾ ഉപയോഗിക്കുക, മരത്തിന്റെ കട്ടിംഗ് ബോർഡുകൾ തിരഞ്ഞെടുക്കുക, കുടിവെള്ളം കൃത്യമായി ഫിൽട്ടർ ചെയ്യുക എന്നിവയിലൂടെ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്സ് പ്രവേശിക്കുന്നത് തടയാം. പരിസ്ഥിതി മലിനീകരണം മനുഷ്യ ശരീരത്തിന്റെ ആഭ്യന്തര പ്രതിരോധ സംവിധാനങ്ങളെപ്പോലും ഭേദിക്കുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ പഠനം നൽകുന്നത്.


Life Style ⏭️

Back to top button