SPORTS

ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും എവിടെ? സൂപ്പർ താരങ്ങള്‍ പുറത്താകാൻ കാരണമുണ്ട്


മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കു ഞെട്ടലായി സൂപ്പർ താരങ്ങളുടെ അഭാവം. ഓൾറൗണ്ടര്‍ ഹാർദിക് പാണ്ഡ്യയെയും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെയും ടീമിലെടുക്കാതിരുന്ന സിലക്ടർമാർ ജമ്മു കശ്മീരിൽനിന്നുള്ള പേസര്‍ ആകിബ് നബിക്കും പഞ്ചാബ് ഓൾറൗണ്ടർ നമൻ‍ ധീറിനും ആദ്യമായി ടീമിലേക്കുള്ള വഴി തുറന്നു. എന്നാൽ പാണ്ഡ്യയെയും പന്തിനെയും പുറത്തിരുത്താൻ ടീമിന് വ്യക്തമായ കാരണങ്ങളുണ്ട്. തുടർച്ചയായ പരുക്കുകളാണ് പാണ്ഡ്യയ്ക്കു വെല്ലുവിളിയായത്. സെപ്റ്റംബർ 20 ഓടെ പാണ്ഡ്യ ഫിറ്റ്നസ് ടെസ്റ്റ് പാസാകുമെങ്കിലും താരത്തിന്റെ കാര്യത്തിൽ തിടുക്കം വേണ്ടെന്നാണു സിലക്ടർമാരുടെ നിലപാട്.വൈറ്റ് ബോൾ ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു തിരിച്ചടിയായത്. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. മികച്ച പ്രകടനം പുറത്തെടുത്ത ശേഷം മാത്രം പന്തിനെ സീനിയർ ടീമിലേക്കു തിരികെ വിളിച്ചാൽ മതിയെന്നാണു സിലക്ടർമാരുടെ നിലപാട്. സ്പിൻ ഓള്‍റൗണ്ടർമാരില്‍ അക്ഷർ പട്ടേൽ ഏഷ്യൻ ഗെയിംസ് ടീമിലുള്ളതും, ഹർഷ് ദുബെയ്ക്ക് പരുക്കേറ്റതുമാണ് വെറ്ററൻ താരം രവീന്ദ്ര ജഡേജ ഏകദിന പരമ്പരയിൽ കളിപ്പിക്കാനുള്ള കാരണം. ജഡേജ മൂന്ന് മത്സരങ്ങളും കളിക്കേണ്ടി വരും. ടീമിലുണ്ടെങ്കിലും നമൻ ധീറിനും ആകിബ് നബിയ്ക്കും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോയെന്നു സംശയമാണ്.


Auto ⏭️

Back to top button