NEWS
‘വ്യാജമൊഴി രേഖപ്പെടുത്തി; ശശിധരൻ കർത്തയുടെ വിരലടയാളം ബലമായി പതിപ്പിച്ചു’: ഇ.ഡിക്കെതിരെ സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥർ

കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ തങ്ങൾക്ക് കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായും ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും ആരോപിച്ച് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉന്നത ഉദ്യോഗസ്ഥർ. സിഎംആർഎൽ ചീഫ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ പി.സുരേഷ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ് കുമാർ എന്നിവരാണ് ഇഡി ഉദ്യോഗസ്ഥര് നടത്തിയത് നിയമവിരുദ്ധ പെരുമാറ്റമാണെന്ന് കാട്ടി ഇഡി ഡയറക്ടർക്ക് ഔദ്യോഗികമായി ‘റിട്രാക്ഷൻ സ്റ്റേറ്റ്മെന്റ്’ (മൊഴി പിൻവലിക്കൽ പ്രസ്താവന) അയച്ചത്. 2024 ഏപ്രിലിൽ നടന്ന ചോദ്യം ചെയ്യലിനെക്കുറിച്ച് അടുത്ത മാസം, മേയിൽ ആയിരുന്നു ഇഡി ഡയറക്ടർക്ക് കത്തയച്ചത്. 2024 ഏപ്രിലിൽ ഇഡി നൽകിയ സമൻസിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങൾക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിേടണ്ടി വന്നുവെന്ന് ഇരു ഉദ്യോഗസ്ഥരും തങ്ങളുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നൽകിയപ്പോൾ അത് തിരുത്തി പറയാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് പി.സുരേഷ് കുമാർ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തന്നെ അറസ്റ്റ് ചെയ്യുമെന്നും മകനെ ഓസ്ട്രേലിയയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ലെന്നും ബാങ്ക് അക്കൗണ്ടുകളും വസ്തുവകകളും കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. അർധരാത്രിയിൽ മറ്റൊരു മുറിയിലേക്ക് മാറ്റി 45 മിനിറ്റോളം നിർബന്ധിച്ച് നിർത്തിയതായും പിന്നീട് തറയിൽ ഇരുത്തിയതായും കുടിവെള്ളം പോലും നിഷേധിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതുപോലെ മൊഴി നൽകാൻ നിർബന്ധിതനായതാണെന്നുമാണ് അദ്ദേഹം പറയുന്നത്.
Fashion ⏭️


