HEALTH

ഫ്ലൂ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദ്യാർഥികളും ഹജ്ജ്​, ഉംറ തീർഥാടകരും | Students, Hajj and Umrah pilgrims in priority category for flu vaccination


അബൂദബി: യു.ഇ.ഇയില്‍ നടപ്പാക്കുന്ന പുതിയ പ്രതിരോധ വാക്‌സിനേഷന്‍ കാമ്പയിന്‍റെ ഭാഗമായി വിദ്യാർഥികളെയും ഹജ്ജ്-ഉംറ തീർഥാടകരെയും ഫ്ലൂ വാക്‌സിനേഷന്‍റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2026-27 വര്‍ഷത്തെ ദേശീയ കാമ്പയിന്‍റെ ഭാഗമായാണ് ആരോഗ്യ വിഭാഗത്തിന്‍റെ പുതിയ തീരുമാനം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിന്‍ ഉദ്ഘാടന ചടങ്ങിലാണ് ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടായത്. ഗര്‍ഭിണികള്‍, ആറുമാസത്തിന് മുകളിലുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരാണ് നിലവിൽ മുന്‍ഗണനാ പട്ടികയിലുള്ളവർ. സ്‌കൂള്‍ വിദ്യാർഥികളും ഹജ്ജ്-ഉംറ യാത്രികരും ഇനിമുതല്‍ ഇവർക്കൊപ്പം പട്ടികയില്‍ ഇടംപിടിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നാമമാത്രമായ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാണ്. എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന്‍റെ (ഇ.എച്ച്.എസ്) 121 കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, മാളുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ബോധവല്‍ക്കരണവും വാക്‌സിനേഷനും നടക്കുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പൊതുവെ വര്‍ധിക്കുന്നത്. ഈ കാലയളവില്‍ ഒന്നിലധികം വൈറസുകള്‍ ഒരേസമയം പടരാന്‍ സാധ്യതയുണ്ടെന്നും തണുപ്പുകാലത്ത് കൂടുതല്‍ സമയം പുറത്തുകഴിയുന്നതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇൻഫ്ലുവന്‍സക്ക്​ പുറമെ റെസ്പിറേറ്ററി സിന്‍ക്‌സൈറ്റിയല്‍ വൈറസ് (ആര്‍.എസ്.വി), ന്യൂമോണിയ എന്നിവക്കെതിരെയും ഇത്തവണ കാമ്പയിനില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ചുമ, പനി, തുമ്മല്‍, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ലക്ഷണങ്ങളുടെ തീവ്രതക്കനുസരിച്ച് ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഉചിതമായ ചികിത്സ തേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയും സമീപിക്കാം.


Life Style ⏭️

Back to top button