NEWS

പരീക്ഷാ ക്രമക്കേടിൽ ഗുഢാലോചനയുണ്ടോ?; അന്വേഷണം ഉന്നതരിലേക്ക്, പിഎസ്‍സി അംഗത്തെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്


തിരുവനന്തപുരം∙ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി അംഗത്തെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. സെപ്റ്റംബര്‍ 15 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വരുത്തി ചോദ്യം ചെയ്യാനാണ് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി നോട്ടിസ് നല്‍കിയത്. ക്രമക്കേടുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ, ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണു ചോദ്യം ചെയ്യല്‍. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ എസ്‌ഐടി തിരിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നതരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്.വീഴ്ച വരുത്തിയ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീഷനല്‍ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് എസ്ഐടി ശുപാര്‍ശ ചെയ്തു. സംസ്ഥാന പൊലീസ് മേധാവി വഴി ആഭ്യന്തര വകുപ്പിനാണു കത്തു നല്‍കിയത്. സര്‍ക്കാര്‍ ഇതു പിഎസ്‍സിക്കു കൈമാറും. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴച മൂലമാണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നെങ്കിലും ആരുടെയും പേരു വ്യക്തമാക്കിയിരുന്നില്ല. ഈ രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും എസ്‌ഐടി സ്വീകരിക്കും.  


Fashion ⏭️

Back to top button