NEWS

അച്ഛൻ ബ്രിഗേഡിയറായ റജിമെന്റിൽ മകൻ ലഫ്റ്റനന്റ്; രാജ്യത്തിന്റെ പീരങ്കിപ്പടയായ 16 മീഡിയം റജിമെന്റിലേക്ക്


ആലപ്പുഴ∙ താൻ ബ്രിഗേഡിയർ ആയി സേവനമനുഷ്ഠിക്കുന്ന റജിമെന്റിൽ കമ്മിഷൻഡ് ഓഫിസർ ആയി മകൻ ഹരി ശങ്കർ എത്തുന്നതിന്റെ അഭിമാനത്തിലാണ് പഴവീട് ചെല്ലാട്ട് റോഡ് ബിന്ദു നിവാസിൽ ശ്യാം ശങ്കർ (54). രാജ്യത്തിന്റെ പീരങ്കിപ്പടയായ 16 മീഡിയം റജിമെന്റിലേക്കാണ് അച്ഛനു പിന്നാലെ മകൻ ഹരി ശങ്കർ (22) ലഫ്റ്റനന്റായി കമ്മിഷൻ ചെയ്യപ്പെട്ടത്. ചെന്നൈയിൽ സൈനിക ഓഫിസർ ട്രെയ്നിങ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ഇക്കഴിഞ്ഞ അഞ്ചിനാണ് ഹരിശങ്കർ സേനയിൽ പ്രവേശിച്ചത്. ലഡാക്കിലേക്കാണ് ആദ്യ നിയമന ഉത്തരവ്. ഇതേ റജിമെന്റിലാണ് ശ്യാം ശങ്കർ 1994ൽ ലഫ്റ്റനന്റായി നിയമിതനായതും. 13 വർഷത്തിനു ശേഷം യൂണിറ്റ് മേധാവിയായ ശ്യാം ശങ്കർ ഇപ്പോൾ ബ്രിഗേഡിയറാണ്. തിരുവമ്പാടി സ്കൂളിലാണു ഹരിശങ്കർ ഏഴാം ക്ലാസ് വരെ പഠിച്ചത്. പിതാവിന്റെ സ്ഥലംമാറ്റങ്ങളനുസരിച്ച് പിന്നീട് 14 സ്കൂളുകളിലായാണ് പ്ലസ് ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. ബിരുദം നേടിയ ശേഷം സൈനിക ഓഫിസർ പ്രവേശന പരീക്ഷയെഴുതി വിജയിച്ചു. ബിജിനിയാണ് ഹരിശങ്കറിന്റെ മാതാവ്. സഹോദരി നിരുപമ പുണെ സൈനിക സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിനിയാണ്. അവധി കിട്ടുമ്പോഴൊക്കെ ഈ സൈനിക കുടുംബം പഴവീട്ടിലെ വീട്ടിലെത്താറുണ്ട്.


Fashion ⏭️

Back to top button