NEWS

രക്ഷാപ്രവർത്തനത്തിന് എത്തിയ വള്ളം മറിഞ്ഞു; തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു


കൊല്ലം∙ രക്ഷാപ്രവർത്തനത്തിന് എത്തിയ വള്ളം കടലിൽ മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 5 തൊഴിലാളികൾ കടലിൽ വീണെങ്കിലും പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലിന് കൊല്ലം ബീച്ചിനു സമീപത്താണ് അപകടം ഉണ്ടായത്. മൂതാക്കരയിൽ നിന്ന് കെട്ടഴിഞ്ഞ് ഒഴുകി നടന്ന ജെസിമോൾ എന്ന വള്ളം കെട്ടിവലിച്ചു കൊണ്ടു പോകാനായി എത്തിയ സെന്റ് ആന്റണീസ് എന്ന വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് കീഴ്മേൽ മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മൂതാക്കര സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിന് അടിയിൽപ്പെട്ടത്. വള്ളത്തിന് അടിയിൽ വീണെങ്കിലും ഇവർ നീന്തി രക്ഷപ്പെടുകയായിരുന്നു. മൂതാക്കര തീരത്ത് കെട്ടിയിട്ടിരുന്ന ജനാലസിന്റെ ഉടമസ്ഥതയിലുള്ള ജെസി എന്ന വള്ളമാണ് ഇന്നലെ രാവിലെ കെട്ടഴിഞ്ഞ് ഒന്നര കിലോമീറ്ററോളം കടലിലൂടെ ഒഴുകി നടന്ന് കൊല്ലം ബീച്ചിന് സമീപത്ത് എത്തിയത്. വള്ളം ഒഴുകി നടക്കുന്നതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ ഷാജി നാട്ടുകാരുടെ സഹായത്തോടെ വള്ളത്തിനടുത്ത് എത്തിയ ശേഷം അതിൽ ഉണ്ടായിരുന്ന വടം കൊണ്ട് കരയിലെ തൂണിൽ പിടിച്ചു കെട്ടി. പിന്നീട് വള്ളം കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. അതിനിടെ വടം പൊട്ടുകയും ചെയ്തു. സംഭവം അറിഞ്ഞ് പള്ളിത്തോട്ടം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. വള്ളം എങ്ങനെയങ്കിലും കരയിലേക്ക് കയറ്റാൻ ഇവർ ഉച്ചവരെ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടർന്ന് വള്ളത്തിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ മത്സ്യബന്ധനത്തിനായി ഉൾക്കടലിലാണ് എന്നുള്ള മറുപടിയാണ് ലഭിച്ചത്. ഉടമ തന്നെ പിന്നീട് മൂതാക്കരയിലുള്ള മറ്റു വള്ളക്കാരെ വിവരം അറിയിച്ചു.


Fashion ⏭️

Back to top button