NEWS

മംഗളൂരു ജംക്​ഷൻ മാറ്റം: പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു പിന്നാലെയുള്ള പ്രഖ്യാപനത്തിൽ ദുരൂഹതയെന്ന് ഹൈബി ഈഡൻ എംപി


കൊച്ചി∙ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗളൂരു ജംക്​ഷനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡൻ എംപി. ഒരു മാസത്തോളം നീണ്ട പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു പിന്നാലെ തീരുമാനം പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മംഗളൂരു ജംങ്ഷനെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റിയ കേന്ദ്ര തീരുമാനത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടുള്ള മോദി സർക്കാരിന്റെ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എല്ലാ മേഖലയിലും കേരളത്തോട് കേന്ദ്രസർക്കാർ അവഗണന തുടരുകയാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മംഗളൂരു ജംക്​ഷൻ മാറ്റമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. കേരളത്തിന് പ്രത്യേക റെയിൽവേ സോൺ വേണമെന്ന കാലങ്ങളായുള്ള ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്രനിലപാടുകൾക്ക് എതിരെ കോൺഗ്രസ് പാർലമെന്റിനകത്തും പുറത്തും നിരന്തര സമരം നടത്തുമെന്ന് ഹൈബി വ്യക്തമാക്കി.


Fashion ⏭️

Back to top button