ഒരു ലിറ്റർ പാലിന് 100 രൂപവരെ; വെച്ചൂരിന് പിന്നാലെ കേരളത്തിന് പുതിയ തനത് പശു ഇനം

കോസ് കുര്യൻ പെരിയാർ പശുവിനൊപ്പം
കൊച്ചി: ഉള്ളിലേക്ക് വളഞ്ഞ കൊമ്പുകൾ, തവിട്ട്, ചാര, കറുപ്പ്, വെള്ള എന്നിങ്ങനെ നിറം. വെച്ചൂർപശുവിനേക്കാൾ 25 മുതൽ 35 സെന്റിമീറ്റർ ഉയരക്കൂടുതൽ, കാടിന് സമീപം മേഞ്ഞുനടക്കും. പെരിയാർ നദീതടത്തിലെ പെരിയാർപശുവിനെ തനത് ഇനമായി കേന്ദ്രസർക്കാർ അംഗീകരിക്കുമ്പോൾ ട്രാവൻകൂർ റയോൺസ് റിട്ട. എൻജിനിയർ കോസ് കുര്യനും (58) അത് അഭിമാന നിമിഷം.
എട്ട് വർഷം കോസ് കുര്യൻ 100 പശുക്കളെ പരിപാലിച്ച് നടത്തിയ ഇടപെടലാണ് നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജെനറ്റിക് റിസോഴ്സസിന്റെ അംഗീകാരത്തിന് പിന്നിൽ. വെച്ചൂരിന് പിന്നിൽ രണ്ടാമത്തെ മാത്രം ഇനം. ഇപ്പോൾ 90 എണ്ണമുണ്ട് കൂടെ. വെറ്ററിനറി സർവകലാശാല ശാസ്ത്രജ്ഞരുടെ മൂന്നുവർഷ ഗവേഷണത്തെ തുടർന്ന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ തനത് ഇനമായി ഓഗസ്റ്റ് 18ന് അംഗീകരിച്ചു.
കാർഷിക സർവകലാശാല ദശലക്ഷങ്ങൾ മുടക്കി നിരവധി ശാസ്ത്രജ്ഞരുടെ പ്രയത്നത്തിലൂടെയാണ് വെച്ചൂരിന് അംഗീകാരം നേടിയെടുത്തത്. പെരിയാറിന്റെ കാര്യത്തിൽ കോസ് കുര്യന്റെ പ്രയത്നമായിരുന്നു പിന്നിൽ. കേന്ദ്രം ‘ബ്രീഡ് സേവ്യർ” പുരസ്കാരം നൽകി ആദരിച്ചു. പെരിയാർ പശുവിന്റെ അംഗീകാരത്തിനായി പ്രവർത്തിച്ചതിൽ അഭിമാനമുണ്ട്. മറ്റ് തനത് ഇനങ്ങളെയും സംരക്ഷിക്കണമെന്ന് കോസ് കുര്യൻ പറഞ്ഞു.
വഴിവെട്ടിയത് വിദ്യാർത്ഥികൾ
കോടനാട് മാർഔഗേൻ ഹൈസ്കൂൾ മാനേജറാണ് കോസ് കുര്യൻ. സ്കൂളിലെ വിദ്യാർത്ഥികൾ ഒരു പ്രോജക്ടിന്റെ ഭാഗമായി കാടിന് സമീപം വളരുന്ന പെരിയാർ പശുവിനെ കുറിച്ച് വിവരം നൽകി. പിന്നീട് ചാണകത്തിലെ പോഷകമൂല്യങ്ങൾ കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണമായി. കാലടി പ്ലാന്റേഷൻ, മലയാറ്റൂർ, പാണിയേലി, വടാട്ടുപാറ, കുട്ടമ്പുഴ, അങ്കമാലി, കോതമംഗലം പ്രദേശത്ത് 2,500ലേറെ പശുക്കളെ കണ്ടെത്തി ഉടമകളുടെ കൂട്ടായ്മയുണ്ടാക്കി. ഭാര്യ : സിന്ധു ടൈറ്റസ്. മക്കൾ : എബ്രഹാം കുര്യൻ, അന്ന കുര്യൻ.
പെരിയാർ പശു
ഭാരം: 150 -200 കിലോ
ഉയരം : 105-110 സെ. മീറ്റർ.
പാൽ: 2.5 – 4 ലിറ്റർ
ലിറ്ററിന് : 100 രൂപ
നെയ് : 3,000 രൂപ (കിലോ)
കേരളത്തിലെ നാടൻ കന്നുകാലികൾ
വെച്ചൂരിനും പെരിയാറിനും പുറമേ കാസർകോഡ് കുള്ളൻ, വില്വാദ്രി, വയനാടൻ, ചെറുവള്ളി, വടകര എന്നീ പേരുകളിൽ നാടൻ പശുക്കൾ ഉണ്ട്. എന്നാൽ അവയൊന്നും ഐ.സി.എ.ആർ മാനദണ്ഡപ്രകാരം അംഗീകൃത പട്ടികയിൽ ഇടം നേടിയിട്ടില്ല.
RELATED TOPICS: PERIYAR COW, INDIGENOUS COW BREED, KERALA COW BREED, VECHUR COW, PERIYAR CATTLE
Read News ⏭️


