സി.പി.ഐ-സി.പി.എം സംസ്ഥാന നേതൃത്വം ചർച്ച ചെയ്യണം : ഡി. രാജ

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച സി.പി.ഐ-സി.പി.എം തർക്കം സംസ്ഥാനനേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് സി.പി.ഐ ദേശീയ ജനറൽസെക്രട്ടറി ഡി.രാജ. വിഷയം സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. തർക്കം നീണ്ടുപോകാതെ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മിൽ ചർച്ച നടത്തി പരിഹരിക്കണമെന്നാണ് സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ ദേശീയ കൗൺസിലിന്റെ ഇടപെടലുണ്ടായിട്ടില്ല. മാറ്റം അനിവാര്യമെന്ന മുദ്രാവാക്യമുയർത്തി മോദി സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും.
ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ രാജ്യവ്യാപക ജയിൽ നിറയ്ക്കൽ സമരം നടത്തും. ഒക്ടോബർ രണ്ടിന് മതസൗഹാർദ്ദ ദിനവും നവംബർ ഏഴിന് വിപ്ലവ ദിനവും ആചരിക്കും. സി.പി.ഐ ഡൽഹിയിൽ നടത്തിയ ബഹുജനറാലി വൻ വിജയമായെന്നും, രാജ്യത്ത് സാധാരണക്കാർ മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഡി. രാജ പറഞ്ഞു.


