NEWS
സെന്റ് ജോർജ് കോട്ടയ്ക്ക് വിട; തമിഴ്നാട് നിയമസഭയ്ക്ക് പുതിയ കെട്ടിടം, ചെലവ് 1200 കോടി

ചെന്നൈ ∙ സെന്റ് ജോർജ് കോട്ടയിൽ നിന്ന് തമിഴ്നാട് നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനങ്ങൾ മാറ്റാനൊരുങ്ങി സി.ജോസഫ് വിജയിന്റെ ടിവികെ സർക്കാർ. ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ടയാണ് സെന്റ് ജോർജ്. 1,200 കോടി രൂപ ചെലവിലാണ് നിർമാണം. സെന്റ് ജോർജ് കോട്ടയിലെ സ്ഥല പരിമിതികളെ തുടർന്നാണ് പുതിയ പദ്ധതി. 1639ൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് കോട്ട നിലവിൽ ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് ഇപ്പോൾ നിയമസഭ പ്രവർത്തിക്കുന്നത്.107 ഏക്കർ വരുന്ന സെന്റ് ജോർജ് കോട്ടയുടെ ചെറിയൊരു ഭാഗത്തു മാത്രമാണ് സർക്കാരിന്റെ നിയന്ത്രണമുള്ളത്. ബാക്കി ഭാഗം പ്രതിരോധ മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ജെ.ജയലളിതയും എം.കരുണാനിധിയും പരാജയപ്പെട്ടിടത്താണ് വിജയിന്റെ നീക്കം. ക്വീൻസ് മേരി കോളജ് പൊളിച്ചുമാറ്റി സെക്രട്ടേറിയറ്റ് നിർമിക്കുമെന്നു 2003ൽ ജയലളിത പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥി സമരത്തെ തുടർന്നു നിർദേശം ഉപേക്ഷിച്ചു. ഓമന്തുരാർ ഗവ. എസ്റ്റേറ്റിൽ കരുണാനിധി പുതിയൊരു സെക്രട്ടേറിയറ്റ് മന്ദിരം നിർമിച്ചു അവിടെ സമ്മേളനം നടത്തിയെങ്കിലും തുടർന്നു അധികാരത്തിലെത്തിയ ജയലളിത കെട്ടിടത്തെ ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
Fashion ⏭️


