SPORTS

വിഷ്ണു വിനോദിന്റെ സെഞ്ചറി പാഴായി, അഞ്ചു വിക്കറ്റു വീഴ്ത്തി വിഘ്നേഷ് പുത്തൂരിന്റെ രക്ഷാപ്രവർത്തനം, കാലിക്കറ്റ് സെമിഫൈനലിൽ


തിരുവനന്തപുരം∙ ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് കെസിഎല്ലിന്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബോളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 184/6, ട്രിവാൻഡ്രം റോയൽസ് – 19.3 ഓവറിൽ 177മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റൺസെടുത്ത കൃഷ്ണപ്രസാദും 11 റൺസെടുത്ത ഉജ്ജ്വൽ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിർത്താൻ വിഷ്ണുവിനായി. ഒൻപത് റൺസെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്നേഷ് പുത്തൂർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറിൽ തന്നെ വിഘ്നേഷ് പുറത്താക്കി. വിഘ്നേഷിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹർ (9) അഖിൽ സ്കറിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ സിജോമോൻ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്നേഷ് മടക്കി.


Auto ⏭️

Back to top button