NEWS

‘പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല,​ 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രി വി ‌ഡി സതീശൻ, കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ

തിരുവനന്തപുരം: കാന്തപുരം എ പി അബുബക്കർ മുസ്ലിയാറിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ പരസ്യമായി തള്ളി മുഖ്യമന്ത്രി വി ‌ഡി സതീശൻ. പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല കാന്തപുരം നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് തങ്ങൾക്ക് ഒരു യോജിപ്പുമില്ല. ആ നിലപാടിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്. സ്ത്രീകൾ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ കാര്യത്തിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുള്ള പുരോഗമന നിലപാടാണ് യുഡിഎഫിനുള്ളത്. ഇസ്ലാമിക ചരിത്രവും അങ്ങനെയാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യയായിരുന്ന ഖദീജ വലിയൊരു വ്യാപാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ സർവ സൈന്യാധിപയായി യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു.

‘ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞി, രാജ്ഞിയായിരുന്നു. ഖലീഫാ ഉമറിന്റെ രാജസദസിൽ മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസദസ്സിൽ പോലും സ്ത്രീകളുണ്ടായിരുന്നു.’ – വി ‌‌ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളാതെ തന്ത്രപരമായ നിലപാടാണ് യുഡിഎഫ് ഘടകകക്ഷിയും സർക്കാരിന്റെ ഭാഗവുമായ മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാകാം കാന്തപുരം ഇത്തരം പരാമർശം നടത്തിയതെന്നാണ് മുസ്‌ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്.

English Summary

V.D. Satheesan publicly rejected Kanthapuram’s controversial remarks on women, calling them incompatible with progressive Kerala and saying such views belong to the 19th century, not the 21st. He stressed that women must participate equally in all aspects of life. However, IUML president Sadiq Ali Shihab Thangal defended Kanthapuram’s remarks, saying they may have been made for women’s safety.
RELATED TOPICS: PINARAYI VIJAYAN, KANTHAPURAM, KERALA POLITICS, PROGRESSIVE KERALA, KERALA CM

Read News ⏭️

Back to top button