NEWS
‘സവർക്കർ മുസ്ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; അവരുടെ പുരോഗതിക്കുള്ള വഴികളാണ് പങ്കുവച്ചതെന്ന് ചെറുമകൻ

മുംബൈ ∙ വി.ഡി. സവർക്കർ ഒരിക്കലും മുസ്ലിം വിഭാഗത്തെ വെറുത്തിരുന്നില്ലെന്നും അവരുടെ പുരോഗതിക്കായുള്ള വഴികളാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ പങ്കുവച്ചതെന്നും ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ പൂണെ കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ നടത്തിയ ക്രോസ് വിസ്താരത്തിനിടയിലാണ് സത്യകി സവർക്കർ കോടതിയിൽ ഇക്കാര്യം പറഞ്ഞത്. ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ മുസ്ലിം വിരോധിയായും ആൾക്കൂട്ട അക്രമിയായും ചിത്രീകരിച്ചുവെന്നാണ് സത്യകിയുടെ പരാതി.രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അപകീർത്തികരമായി തോന്നിയ യഥാർഥ വാക്കുകൾ ഏതാണെന്ന പ്രതിഭാഗം അഭിഭാഷകൻ മിലിന്ദ് ഡി. പവാറിന്റെ ചോദ്യത്തിനു, രാഹുൽ ഗാന്ധി ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങൾ സത്യകി കോടതിയിൽ ഉദ്ധരിച്ചു. സവർക്കറും അദ്ദേഹത്തിന്റെ അഞ്ചാറ് സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലിം മനുഷ്യനെ മർദിച്ചുവെന്ന രീതിയിലാണ് രാഹുൽ സംസാരിച്ചതെന്ന് സത്യകി പറഞ്ഞു. ഈ വാക്കുകളിലൂടെ സവർക്കറെ കൊടും മുസ്ലിം വിരോധിയായും ആൾക്കൂട്ട കൊലപാതകിയായുമാണ് ചിത്രീകരിച്ചതെന്ന് സത്യകി കോടതിയിൽ ബോധിപ്പിച്ചു. തന്റെ വ്യക്തിപരമായ അന്തസും സവർക്കറുടെ സാമൂഹിക പ്രതിച്ഛായയും വ്യത്യസ്തമാണെന്നും സവർക്കർക്ക് സമൂഹത്തിലുള്ള കീർത്തി തന്റേതിനേക്കാൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


