സാങ്കേതിക തകരാർനീറ്റ് പി.ജി: രാജസ്ഥാനിൽ സെപ്തം. 5ന് പുനഃപരീക്ഷ

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയ്ക്കുപിന്നാലെ നീറ്റ് പി.ജി പരീക്ഷാ നടത്തിപ്പിലും പിഴവ്. ഇന്നലെ സാങ്കേതിക തകരാറുണ്ടായതോടെ രാജസ്ഥാനിലെ രണ്ടിടങ്ങളിൽ പരീക്ഷ മുടങ്ങി. എഴുതാനാകാത്ത 2,445 പേർക്ക് സെപ്തംബർ 5ന് പുനഃപരീക്ഷ നടത്തും. ജയ്പൂരിലെ സിതാപൂരിലുള്ള രണ്ടു കേന്ദ്രങ്ങളിലാണ് പരീക്ഷ മുടങ്ങിയത്. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സാങ്കേതിക തകരാറിനെത്തുടർന്ന് മുക്കാൽ മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. കമ്പ്യൂട്ടർ തകരാറിലായതോടെ രണ്ടുമണിക്കൂറിനിടെ 15 തവണ പരീക്ഷ നിറുത്തിവച്ചു. വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ
നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്)പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കും. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ടി.സി.എസ് ലിമിറ്റഡാണ് ഉത്തരവാദിയെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. രാജ്യത്ത് 1,111 കേന്ദ്രങ്ങളിലായി 2,73,096 പേരാണ് നീറ്റ് പി.ജി 2026ന് രജിസ്റ്റർ ചെയ്തത്. 2,65,980 പേർ പരീക്ഷയെഴുതി.


