NEWS

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ടു, ലൈംഗികമായി അതിക്രമിച്ചു’: ഡച്ച് കെയർ സെന്ററുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മാപ്പുപറഞ്ഞ് ഭരണകൂടം


ദി ഹേഗ്∙ നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലും വർഷങ്ങളായി കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും പരസ്യമായി മാപ്പുപറഞ്ഞ് ഡച്ച് സർക്കാർ. ആരോഗ്യം, നീതി ന്യായ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾക്ക് വേണ്ടി ഡച്ച് ആരോഗ്യ-കായിക കാര്യ സെക്രട്ടറി മിർജാം സ്റ്റെർക്ക് ആണ് മാപ്പപേക്ഷ നടത്തിയത്.ഗുരുതരമായ മാനസിക പ്രയാസങ്ങളും പെരുമാറ്റ വൈകല്യങ്ങളും നേരിടുന്ന 12-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ സംരക്ഷിക്കാനും ചികിത്സിക്കാനുമായി സ്ഥാപിച്ച ഈ കേന്ദ്രങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷവും പരിചരണവും ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് മിർജാം സ്റ്റെർക്ക് തുറന്നുസമ്മതിച്ചു. പരിചരണത്തിന് പകരം ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളാണ് ഇവിടെ കുട്ടികൾക്ക് നേരിടേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി.കൗമാരക്കാരെ അടച്ചിട്ട അന്തരീക്ഷത്തിൽ പാർപ്പിച്ചു ചികിത്സിക്കുന്ന ഇത്തരം യൂത്ത് കെയർ സംവിധാനം ഭാവിയിൽ പൂർണമായും നിർത്തലാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനൊപ്പം ഇരകളായവരുടെ പുനരധിവാസത്തിനും മാനസിക പിന്തുണയ്ക്കുമായി 1.2 കോടി യൂറോയുടെ സാമ്പത്തിക പാക്കേജും ഡച്ച് സർക്കാർ പ്രഖ്യാപിച്ചു. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @rijksoverheid.nl എന്ന ഔദ്യോഗിക വെബ്‍സൈറ്റിൽ നിന്ന്)


Fashion ⏭️

Back to top button