NEWS

10കോടിയുടെ എം.ഡി.എം.എ വേട്ട; കോയമ്പത്തൂരിൽ മൂന്ന് പേർ അറസ്റ്റിൽ

പിടികൂടിയ എം.ഡി.എം.എ

മലപ്പുറം: കേരള പൊലീസിന്റെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ മൂന്ന് പേർ അറസ്റ്രിൽ. കോയമ്പത്തൂരിൽ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എം.ഡി.എം.എയാണ് മലപ്പുറം ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), ആനക്കയം സ്വദേശി ഷെയിം അക്ബർ (21),​ വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34) എന്നിവരാണ് അറസ്റ്രിലായത്. ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ സംഭരിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണിവർ. 6ന് മഞ്ചേരിയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് 97 ഗ്രാം എം.ഡി.എം.എയുമായി ആറുപേരെ അറസ്റ്ര് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രതികളെ ഇന്നോവ കാറുമായി കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡോർ പാഡിനുള്ളിലെ രഹസ്യ അറയിൽ 100ഗ്രാം മുതൽ 500ഗ്രാം വരെയുള്ള പാക്കറ്റുകളാക്കി മാറ്റിയ നിലയിലായിരുന്നു എം.‌ഡി.എം.എ ഒളിപ്പിച്ചിരുന്നത്. ഇവ കേരളത്തിൽ വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. നോർത്ത് സോൺ ഐ.ജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read News ⏭️

Back to top button