NEWS
ജലയാത്രയിൽ ഇനി കേരളത്തിന്റെ കയ്യൊപ്പ്; താങ്ങാവുന്ന വിലയിൽ മികവുറ്റ കയാക്കുകളും യാട്ടുകളുമായി എംകെൽ

കൊച്ചി ∙ കേരളത്തിലെ കായലുകളിലും ജലപാതകളിലും കയാക്കിങ്ങിനും വിനോദസഞ്ചാരയാത്രകൾക്കും പ്രചാരം വർധിക്കുന്നതിനിടെ, ഉപഭോക്താക്കൾക്കു താങ്ങാവുന്ന വിലയിൽ ബോട്ടുകൾ നിർമിച്ച് വിപണിയിലെത്തിക്കാനൊരുങ്ങി കൊച്ചി ആസ്ഥാനമായ കമ്പനി എംകെൽ മറൈൻ. ഭാവിയിൽ, സമുദ്രയാത്രയ്ക്കായുള്ള യാട്ടുകൾ നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു. നേവൽ ആർക്കിടെക്ടും ഇൻഡസ്ട്രിയൽ ഡിസൈനറുമായ ജോസ് ബാബു മാളിയേക്കൽ സ്ഥാപിച്ച എംകെൽ മറൈനിന് വൈപ്പിനിലെ ഞാറയ്ക്കലിലുള്ള നിർമാണശാലയിൽ തുടക്കമായി. പ്രശസ്ത സമുദ്രസഞ്ചാരിയും നാവികസേനാ മുൻ ഉദ്യോഗസ്ഥനുമായ കമാൻഡർ അഭിലാഷ് ടോമി (റിട്ട.) ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിൽ, കമ്പനി നിർമിക്കുന്ന വിവിധ ശ്രേണിയിലുളള ബോട്ടുകളുടെ നിര അവതരിപ്പിച്ചു.റിസോർട്ടുകളെയും ടൂർ ഓപ്പറേറ്റർമാരെയും വിനോദാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇറക്കുമതി ചെയ്യുന്ന കയാക്കുകളെക്കാൾ കുറഞ്ഞ ചെലവിൽ എംകെൽ ഉൽപന്നനിര വിപണിയിലെത്തുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച 25 അംഗ സംഘമാണ് കമ്പനിയുടെ നിർമാണ യൂണിറ്റിലുള്ളത്. വാക്വം റെസിൻ ഇൻഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ-ഗ്ലാസ്, ഫൈബർഗ്ലാസ്, കാർബൺ ഫൈബർ കോമ്പോസിറ്റുകൾ എന്നിവ കൊണ്ടാണ് ഭാരം കുറഞ്ഞതും ബലമേറിയതുമായ ബോട്ടുകൾ നിർമിക്കുന്നത്.“ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ കായികരംഗത്തേക്കാൾ ടൂറിസത്തിലാണ്. കാരണം ഒരു ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ ഉൽപന്നങ്ങൾ വിറ്റഴിക്കേണ്ടതുണ്ട്. രാജ്യാന്തര മൽസരങ്ങളിൽ മൂന്നര ലക്ഷം രൂപ വരെ വിലയുള്ള, ഇറക്കുമതി ചെയ്ത, എട്ട് അടി കാർബൺ ഫൈബർ കയാക്കുകൾ ഉപയോഗിക്കുന്ന കായികതാരങ്ങളുണ്ട്. എന്നാൽ അത്തരം കയാക്കുകൾ എത്ര പേർ വാങ്ങും? അതേസമയം, ഞങ്ങളുടെ കയാക്കുകൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ പ്രാദേശിക മത്സരങ്ങൾ സംഘടിപ്പിക്കാനും കഴിയും? ആദ്യ ഒരു വർഷം ആഭ്യന്തര വിപണിയിൽ മാത്രമായിരിക്കും ശ്രദ്ധിക്കുക. അതിനു ശേഷം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യും.’’ – ജോസ് പറഞ്ഞു.
Fashion ⏭️


