NEWS
‘ചികിത്സ തുടർന്നാൽ ഇവർ എന്നെ കൊന്നുകളയും, രക്ഷിക്കൂ…’: ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം, വിഡിയോ പുറത്ത്

ഭോപ്പാൽ∙ മധ്യപ്രദേശിലെ രേവയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും യുവതി കരഞ്ഞു പറയുന്നത് വിഡിയോയിൽ കാണാം. രേവ ജില്ലയിലെ ഹട്വ സ്വദേശിനിയായ കൽപ്പനയും നവജാതശിശുവും ഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് പ്രസവത്തിനിടെ മരിച്ചത്. ഓഗസ്റ്റ് 25 രാത്രിയിലാണ് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ കൽപനയെ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം രാത്രി 8:30 ഓടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായിരുന്നില്ല. അനസ്തീഷ്യ നൽകിയതിന് ശേഷമാണ് കൽപനയുടെ ബോധം പോയതെന്നും അമിത അളവിൽ അനസ്തീഷ്യ നൽകിയതാണ് മരണകാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കല്പനയുടെ മരണത്തിന് പിന്നാലെ കൽപനയുടെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ നഴ്സിംഗ് ഓഫിസർമാരായ സാധന വർമ്മയെയും സീമ മുജാൽഡെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായിട്ടില്ലെന്നും കൃത്യമായ ചികിത്സ കൽപനയ്ക്ക് നൽകിയിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Fashion ⏭️


