NEWS

ദേശീയപാത 66 നിർമാണം: വെള്ളക്കെട്ടിനു കാരണം അടഞ്ഞ നീർച്ചാലുകൾ; 4 വർഷമായി ശുചീകരണമില്ല


കൊല്ലം ∙ ദേശീയപാത 66ന്റെ നിർമാണത്തിൽ അടഞ്ഞ സ്വാഭാവിക നീർച്ചാലുകളാണ് വെള്ളക്കെട്ടിനു കാരണമെന്ന് വിലയിരുത്തുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഏകദേശം 4 വർഷമായി നീർച്ചാലുകളുടെ ശുചീകരണം നടക്കാത്തതും മറ്റൊരു കാരണമായി പറയുന്നു. ജില്ലയിലെ വെള്ളക്കെട്ട് പ്രതിരോധത്തിന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അനുവദിച്ച 28.55 കോടി രൂപ കുറവാണെന്നും നാട്ടുകാർ പറയുന്നു. പഴയ ദേശീയപാതയിൽ കലുങ്കുകളും ചെറിയ പാലങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങളിൽ‌ പലതിലും നീരൊഴുക്ക് നിലച്ചെന്നാണ് നാട്ടുകാർ പറയുന്നത്. സ്വാഭാവികമായ നീരൊഴുക്കിന് സാധ്യമായ പ്രവർത്തനങ്ങൾ വേണമെന്ന് ആവശ്യമുയരുന്നു. ആലപ്പുഴ ജില്ലാ അതിർത്തി മുതൽ ബൈപാസ് വരെയുള്ള ഭാഗത്തിനായാണ് 28.55 കോടി രൂപ അനുവദിച്ചത്.ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള വെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നില്ലെന്നതാണ് പ്രധാന വിഷയം. നേരത്തെ സ്വാഭാവിക നീർച്ചാലുകളിലൂടെയാണ് കിഴക്കു ഭാഗത്തെ വെള്ളം കടന്നു പോയിരുന്നത്. ഇതിനായി നിർമിച്ച കലുങ്കുകളും മറ്റും അടഞ്ഞത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. അര മണിക്കൂർ തുടർ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുമെന്നതാണ് നിലവിലെ സ്ഥിതി. ഈ വിഷയം ശരിയായി പഠിക്കാനും തുക അനുവദിക്കാനും ആറു മാസം സമയമെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. സമീപത്തെ സ്വാഭാവിക ജലനിർഗമന കേന്ദ്രങ്ങളുമായി ദേശീയപാതയിലെ ഡ്രെയ്നേജ് ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് വകുപ്പുകളോ നിർവഹിക്കും. വിവിധ പഞ്ചായത്തുകൾ ഈ ആവശ്യത്തിലേക്കായി എസ്റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി വേഗത്തിൽ നടപ്പാക്കാനും ദേശീയപാതയിലെ ഡ്രെയ്നേജ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശവാസികളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.


Fashion ⏭️

Back to top button