NEWS
മോർച്ചറിയിലെ മൃതദേഹങ്ങൾ: സംസ്കാരത്തിന് ഇനിയും തയാറാകാതെ അവണൂർ പഞ്ചായത്ത്

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് നടപടിയുണ്ടായില്ല. ആശുപത്രിയിൽ ആകെയുള്ള 29 ശീതീകരണ ചേംബറുകളിൽ 27ലും ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹങ്ങൾ അവശേഷിക്കുകയാണ്. ഇവയിൽ 25 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പൊലീസ് എൻഒസി നൽകാനുണ്ട്. എൻഒസി ലഭിച്ച മൃതദേഹങ്ങൾ സംസ്കരിക്കേണ്ട ചുമതല പഞ്ചായത്ത് രാജ് നിയമമനുസരിച്ച് അവണൂർ പഞ്ചായത്തിനാണ്. ആശുപത്രി സൂപ്രണ്ടിന്റെ കത്ത് 17ന് ലഭിച്ചു എന്ന് സമ്മതിക്കുന്ന രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും പഞ്ചായത്ത് ഇതുവരെ തയാറായിട്ടില്ല.തദ്ദേശ ഭരണ സ്ഥാപന പരിധിയിൽ ഉണ്ടാകുന്ന അവകാശികളില്ലാത്ത മൃതദേഹങ്ങൾ പൊലീസ് ക്ലിയറൻസ് ഉറപ്പാക്കി സംസ്കരിക്കേണ്ട നിർബന്ധ പൂർവമായ ചുമതല ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിനാണെന്നു പഞ്ചായത്ത് രാജ് ആക്ടിൽ നിഷ്കർഷിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ മരിച്ച രോഗി മറ്റൊരു ജില്ലയിലെ സ്ഥിര താമസക്കാരൻ ആയാൽ പോലും സംസ്കാര ചുമതല ആ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനത്തിനു കൈമാറാൻ കഴിയുന്നതല്ലെന്നും നിയമത്തിൽ അനുശാസിക്കുന്നു. സംസ്കാരത്തിന് തദ്ദേശഭരണം ചെലവഴിക്കുന്ന തുക ഈടാക്കുന്നതിന് പ്രത്യേക അക്കൗണ്ടും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും അവണൂർ പഞ്ചായത്ത് പരിധിയിലാണ്.
Fashion ⏭️


