NEWS
ദേശീയപാതയോരത്തെ ഭൂമി ഉപയോഗം: വിധി വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആക്‌ഷൻ കൗൺസിൽ

മലപ്പുറം ∙ ദേശീയപാതകളുടെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം വിലക്കിയും നിലവിലുള്ള അനുമതികൾ പുനരവലോകനം ചെയ്യണമെന്നും നിർദേശിക്കുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ ദേശീയപാത ആക്ഷൻ കൗൺസിൽ. കുറ്റിപ്പുറത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമായ ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് വൻ സാമൂഹിക ദുരന്തവും വികസന മുരടിപ്പുമുണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലെ വിധി വൻ പ്രത്യാഘാതം ഉണ്ടാക്കുന്നതും അപക്വമായതുമാണ്. കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടി ജനസംഖ്യ, പാതയോരങ്ങളിലെ ഭീമമായ കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണു കേന്ദ്ര സർക്കാർ ദേശീയപാതയുടെ വീതി 60ൽ നിന്ന് 45 ആയി കുറച്ചത്. ഇത് 150 മീറ്ററാക്കി വർധിപ്പിക്കുന്നതിന് തുല്യമായ കോടതി വിധി ജനാധിപത്യവിരുദ്ധമാണ്. വിധി നടപ്പാക്കിയാൽ എൻഎച്ച് 66ൽ ഇരുവശവും 52.5 മീറ്റർ വീതം 16,650 ഏക്കർ നഷ്ടപരിഹാരം നൽകാതെ എറ്റെടുക്കുന്നതിന് തുല്യമായി മാറുമെന്നും യോഗം വിലയിരുത്തി.
Fashion ⏭️


