BUSINESS

കാത്തിരിക്കേണ്ടത് മണിക്കൂറുകൾ, ഇറാനിൽ പെട്രോൾ പ്രതിസന്ധി രൂക്ഷം, പമ്പുകളിൽ നീണ്ട ക്യൂ


ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറാനിൽ പെട്രോൾ, ഡീസൽ പ്രതിസന്ധി രൂക്ഷമെന്ന് വിവരം. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ പലതും അടച്ചിടുകയോ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തു. ഇതോടെ വാഹന ഉടമകൾ എണ്ണതേടി പല പെട്രോൾ പമ്പുകൾ കയറി ഇറങ്ങേണ്ട ഗതികേടിലാണ്. പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്ന് എണ്ണ കിട്ടാൻ രണ്ടു മണിക്കൂറിലേറെയാണ് കാത്തിരിക്കേണ്ടത്. കഴിഞ്ഞ ദിവസം യുഎസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും റിപ്പോർട്ടുകൾ പറയുന്നു.  ഇറാനിലെ കിഴക്കൻ, തെക്കൻ നഗരങ്ങളിലെ പല പെട്രോൾ പമ്പുകളും താൽകാലികമായി അടച്ചിട്ടു. പല പമ്പുകളിലും പ്രതിദിന ലിമിറ്റുണ്ട്. പരിധി കഴി‍ഞ്ഞാൽ പമ്പുകൾ അടച്ചിടും. ചിലയിടങ്ങളിൽ ഒരു വാഹനത്തിന് 20 ലീറ്റർ വീതമാണ് ഇന്ധനവിതരണം. ഇറാനിലെ ഇന്ധന പ്രതിസന്ധി വെളിപ്പെടുത്തുന്ന നിരവധി വിഡിയോകൾ‍ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇറാനിലെ എണ്ണയുൽപാദന കേന്ദ്രങ്ങളിൽ ഇസ്രയേൽ-യുഎസ് സൈനിക ആക്രമണങ്ങൾ‍ നാശനഷ്ടം വിതച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. എണ്ണശുദ്ധീകരണ ശേഷിയും ഇറക്കുമതിയും വല്ലാതെ കുറഞ്ഞു. ഇതിനൊപ്പം പ്രതിദിന ഉൽപാദനം കുറയുകയും ഡിമാൻഡ് കൂടുകയും ചെയ്തത് സ്ഥിതി വഷളാക്കി. ദിവസവും 14-15 മില്യൻ ലീറ്റർ വരെ ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ ഡിമാൻഡ് 135 മില്യൻ ലീറ്ററായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇന്ധന വില വർധിച്ചേക്കുമെന്നും പെട്രോൾ വാങ്ങാൻ ക്വാട്ട ഏർപ്പെടുത്തിയേക്കും എന്നുമുള്ള വാർത്തകളും സ്ഥിതി വഷളാക്കി. ഇതോടെ ആളുകൾ കൂട്ടമായി എത്തി ഇന്ധനം വാങ്ങാൻ തുടങ്ങി. പലരും വാഹനത്തിൽ‍ പ്രത്യേക ടാങ്ക് ഘടിപ്പിച്ചാണ് ഇന്ധനം വാങ്ങാനെത്തിയത്. 


Travel ⏭️

Back to top button