NEWS
നാടും നഗരവും ആഘോഷലഹരിയില്‍; ഓണനാളിലും വിശ്രമമില്ലാതെ ഡെലിവറി ജീവനക്കാർ

കൊച്ചി ∙ ‘‘ഓണത്തിനായാലും ഓടാതിരിക്കാൻ പറ്റില്ല. പൈസയ്ക്ക് അത്യാവശ്യങ്ങളുണ്ട്. ഇഎംഐ ഒക്കെയുണ്ട്. പിന്നെ ഞാൻ സദ്യയൊന്നും കഴിക്കാറില്ല. ഡെലിവറിക്കിടയിൽ എവിടുന്നെങ്കിലും കഴിക്കും. ഇന്ന് ആള് കുറവായതുകൊണ്ട് എനിക്ക് പെട്ടെന്ന് കൂടുതൽ ഓർഡറുകൾ കിട്ടാൻ സാധ്യതയുണ്ട്. പണി പെട്ടെന്ന് കഴിഞ്ഞാൽ എനിക്ക് വേഗം വീട്ടിൽ പോകാം’’, പള്ളുരുത്തി സ്വദേശി സന്തോഷിന്റെ ഓണം ഇങ്ങനെയാണ്. നാടും നഗരവും ഓണാഘോഷങ്ങളുടെ ലഹരിയില്‍ അമരുമ്പോൾ വിശ്രമമില്ലാതെ റോഡുകളിൽ ഓട്ടപ്പാച്ചിലിലാണ് സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ. അതോടൊപ്പം, കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് സദ്യ അടക്കം ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ചുമതലക്കാർ പറയുന്നത്.‘‘സാധാരണയായി ഓണത്തിന് മുൻപുള്ള ദിവസങ്ങളിൽ ഗ്രൂപ്പായി പുറത്തുപോയി സദ്യ കഴിക്കാനാണ് ആളുകൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ വഴി കൂടുതൽ സദ്യ ഓർഡർ ചെയ്യുന്നത് മറ്റ് നഗരങ്ങളിൽ നിന്നോ കേരളത്തിന് പുറത്തുനിന്നോ ഇവിടെ എത്തി താമസിക്കുന്നവരാണ്, കുടുംബങ്ങൾ പൊതുവേ ഇത് പ്രിഫർ ചെയ്യാറില്ല. സാധാരണ ലഭിക്കുന്ന ഓർഡറുകൾക്ക് പുറമെ സദ്യയും ഇന്നും നാളെയുമായി കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഓണത്തിന്റെ തലേദിവസത്തെ ഓർഡറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സദ്യയ്ക്കുള്ള ഡിമാൻഡും ഓർഡറുകളുടെ എണ്ണവും വളരെ കൂടുതലാണ്’’, സ്വിഗ്ഗിയുടെ കൊച്ചി, കോയമ്പത്തൂർ മേഖലയുടെ ചുമതലക്കാരനായ നഹാസ് സിദ്ദിഖ് പറയുന്നു. ആളുകൾ തങ്ങൾക്കാവശ്യമുള്ള ടൈം സ്ലോട്ടുകളിലേക്ക് നേരത്തെ തന്നെ സദ്യ പ്രീ-ബുക്ക് ചെയ്യുന്നുണ്ടെന്നും ഓണത്തിന്റേതായ നല്ല തിരക്ക് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു.കോവിഡ് കാലത്ത് സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവന്ന പച്ചാളം സ്വദേശിയായ കൃഷ്ണകുമാറിന് പിന്നീട് തിരിച്ചുപോകാനായില്ല. ഇതിനിടെ, മറ്റൊരു കമ്പനിയിൽ ജോലി ചെയ്തെങ്കിലും കഠിനമായ പണി കാരണം അതു വേണ്ടെന്നു വച്ചു. ഇപ്പോൾ സ്വന്തം സമയത്തിന് അനുസരിച്ച് ഡെലിവറി ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘‘സാധാരണ ചില ദിവസങ്ങളിൽ കുഴപ്പമില്ലാത്ത ഓർഡറുകൾ ഉണ്ടാകും, ചില ദിവസങ്ങളിൽ വളരെ കുറവായിരിക്കും. ഞാൻ ഇപ്പോൾ കടവന്ത്ര സർക്കിളിലാണ് ഓടുന്നത്. അതിൽ ചെറിയ തുക ആയിരിക്കുമെങ്കിലും എണ്ണം കൂടുതൽ ലഭിക്കാറുണ്ട്. ഇന്നലെ കുഴപ്പമില്ലായിരുന്നു, എന്നാൽ ഇന്ന് രാവിലെ തൊട്ട് നല്ല മന്ദതയാണ്, ആളുകൾ കുറവാണെന്ന് തോന്നുന്നു. കമ്പനി ചില സമയങ്ങളിൽ കട്ടിങ് നടത്താറുണ്ട്. അവർ കാണിക്കുന്ന റൂട്ടിൽ പോകാതെ 100 മീറ്റർ വ്യത്യാസത്തിൽ വേറെ വഴി തിരഞ്ഞെടുക്കുകയോ, ‘നോ എൻട്രി’ കാരണം തിരിഞ്ഞു പോകുകയോ ചെയ്താൽ ആ ദൂരത്തിന് പൈസ കുറയ്ക്കും. ഉച്ച സമയത്ത് ശരാശരി 10 മുതൽ 15 ഓർഡറുകൾ വരേണ്ടതാണ്. ഇന്നലെ ഞാൻ ഉച്ചയ്ക്ക് 12 മണിക്ക് ഇറങ്ങി രാത്രി 11 മണി വരെ ഓടി 28 ഓർഡറുകൾ ചെയ്തു. ചില ദിവസങ്ങളിൽ 35 മുതൽ 40 ഓർഡറുകൾ വരെ കിട്ടാറുണ്ട്. ഇന്നലെ ഓർഡറുകളിൽ നിന്ന് 1400 രൂപയും 475 രൂപ ഇൻസെന്റീവും ചേർത്ത് മൊത്തം 1900 രൂപയോളം കിട്ടി. അതിൽ 300 രൂപയോളം പെട്രോളിനും പിന്നെ ഫുഡിനും മാറ്റിവെച്ചാൽ കൈയ്യിൽ 1000 മുതൽ 1500 രൂപ വരെ ഉണ്ടാകും’’, കൃഷ്ണകുമാറിനും ഓണത്തിന് വിശ്രമമില്ല.
Fashion ⏭️


