LIFESTYLE
മിക്ക വീട്ടിലും വയസ്സായ മാതാപിതാക്കൾ മാത്രം; ഇന്ത്യയിൽ വയോജന ഭവനവിപണി കുതിച്ചുയരുന്നു: ഇനി കുടുംബസംവിധാനം അടിമുടി മാറും

വിശ്രമജീവിതം എന്നാൽ സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടുകയോ മക്കളോടൊപ്പം കഴിയുകയോ മാത്രമാണെന്ന പരമ്പരാഗത സങ്കൽപങ്ങൾക്ക് ഇന്ത്യയിൽ വേഗത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. തലചായ്ക്കാനൊരു കൂര എന്നതിനപ്പുറം, മികച്ച ആരോഗ്യപരിപാലനവും സുരക്ഷിതത്വവും സന്തോഷകരമായ സാമൂഹിക അന്തരീക്ഷവും ഉറപ്പുനൽകുന്ന കെയർ ഹോം അല്ലെങ്കിൽ ‘സീനിയർ ലിവിങ്’ (Senior Living) സംസ്കാരത്തിലേക്ക് രാജ്യത്തെ മുതിർന്ന പൗരന്മാർ ചുവടുവയ്ക്കുകയാണ്. പ്രോപ്പർട്ടി കൺസൾട്ടൻസി സ്ഥാപനമായ കോളിയേഴ്‌സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഓൾഡ് ഏജ് ഹോം വിപണി 2030 ൽ ഒരുലക്ഷം കോടി രൂപയുടെ വമ്പൻ വ്യവസായമായി മാറും.വിപണിയിൽ വൻ കുതിച്ചുചാട്ടംനിലവിൽ ഏകദേശം 30,000 കോടി രൂപ മൂല്യമുള്ള ഈ വിപണി, മുൻവർഷങ്ങളെ അപേക്ഷിച്ച് 70 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിക്കഴിഞ്ഞു. 2028ൽ ഇത് 70,000 കോടി രൂപയും 2030 ൽ ഒരുലക്ഷം കോടി രൂപയും കടക്കുമെന്നുമാണ് കണക്കാക്കുന്നത്.‘ഇന്ത്യയിലെ സീനിയർ ലിവിങ് വിപണി അതിവേഗ വളർച്ചയുടെ ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ സംഘടിത വയോജന ഭവനങ്ങളുടെ എണ്ണം നാലിരട്ടിയായി വർധിക്കും’ കോളിയേഴ്‌സ് ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ബാദൽ യാഗ്നിക് പറയുന്നു. രാജ്യത്ത് വയോജന ജനസംഖ്യ കുത്തനെ ഉയരുന്നതാണ് ഈ മേഖലയിലെ പ്രധാന മാറ്റത്തിന് കാരണം. 60 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാരുടെ അനുപാതം 2050 ൽ നിലവിലെ 11 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയരുമെന്നും, അന്ന് വയോജനങ്ങളുടെ എണ്ണം 34 കോടി കടക്കുമെന്നും കണക്കാക്കപ്പെടുന്നു.മുൻ നിരയിൽ കേരളം: കാരണങ്ങൾഇന്ത്യയിലുടനീളമുള്ള സീനിയർ ലിവിങ് സെന്ററുകളിൽ 31 ശതമാനവും സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. രാജ്യത്തെ വയോജന ഭവന വിപണിയുടെ ഏറ്റവും വലിയ കേന്ദ്രമായി കേരളം അതിവേഗം വളരുകയാണ്. വൻകിട റിയൽ എസ്റ്റേറ്റ് സംഘങ്ങൾ സീനിയർ ലിവിങ്/ കെയർ ഹോം ഭാവി സാധ്യത മുൻകൂട്ടികണ്ട് ഇതിലേക്ക് ഇറങ്ങിയിട്ടുണ്ട്. എറണാകുളം, തൃശൂർ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് പ്രധാന കേന്ദ്രങ്ങൾ.
Cinema ⏭️


