NEWS
19കാരനും കുടുംബവും കൊക്കയിൽ ചാടി മരിച്ച സംഭവം: കഴിഞ്ഞവർഷവും ആത്മഹത്യശ്രമം; പിന്നിൽ ഐഫോൺ തർക്കം മാത്രമല്ല

ഛത്രപതി സംഭാജിനഗർ∙ മഹാരാഷ്ട്രയിൽ പത്തൊമ്പതുകാരനും മാതാപിതാക്കളും കൊക്കയിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ ഐ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്ന് വിവരം. ഛത്രപതി സംഭാജിനഗർ സ്വദേശി കുനാൽ ചാന്ദ്ഗുഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്. കുനാലിന്റെ മൂത്ത സഹോദരൻ നേരത്തെ മരിച്ചിരുന്നു, ഇതിനു പിന്നാലെ കുടുംബത്തിലുണ്ടായ തർക്കങ്ങളും മാതാപിതാക്കൾ തമ്മിലുണ്ടായ ബന്ധം വഷളായതും കുനാലിനെ മാനസികമായി തളർത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. ആദ്യമായല്ല കുനാൽ ജീവനൊടുക്കാൻ ശ്രമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ കൊക്കയിൽനിന്ന് ചാടി ജീവനൊടുക്കാൻ കുനാൽ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് പൊലീസുകാരുടെ സമയോചിത ഇടപെടലിലൂടെ കുനാലിനെ പിന്തിരിപ്പിക്കാനായി.ആറു വർഷം മുൻപ് അസുഖത്തെത്തുടർന്ന് കുനാലിന്റെ സഹോദരൻ മരിച്ചതിനു പിന്നാലെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഡ്രൈവറായിരുന്ന മുരളീധർ മാസങ്ങളോളം വീട്ടിൽ വരാറില്ലായിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് ഇദ്ദേഹം വീട്ടിലെത്തിയത്. ഇതോടെ കുനാൽ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കുന്നത് സംബന്ധിച്ച് തർക്കം തുടങ്ങി. വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ കുനാൽ കുന്നിൻമുകളിലെത്തുകയും അവിടെനിന്ന് ആത്മഹത്യഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെയെത്തിയ മുരളീധറും ഭാര്യയും മൂന്നുമണിക്കൂറോളം കുനാലിനെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും കുനാൽ തയാറായില്ല. നാട്ടുകാരും പൊലീസും കുനാലിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കുന്നിനുമുകളിൽനിന്ന് കുനാലിനെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റാൻ പിതാവ് ശ്രമിച്ചപ്പോൾ ഇരുവരും അടിതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട മാതാവും പിന്നാലെ കൊക്കയിലേക്ക് ചാടി. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Fashion ⏭️


