മലബാർ മേഖലയിൽ പ്ളസ് വൺ പ്രതിസന്ധി അവസാനിക്കുന്നു, 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി

പ്ളസ് വൺ പ്രവേശനം
തിരുവനന്തപുരം; മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. യുഡിഎഫ് പ്രകടനപത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർകോട് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. 120 താത്കാലിക ബാച്ചുകൾ അനുവദിച്ചാൽ അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം സാദ്ധ്യമാകും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം നൽകണമെന്നാണ് വകുപ്പിന്റെ നിലപാട്.
അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണമാണ് താത്കാലിക ബാച്ചുകളിലൂടെ ലക്ഷ്യമിടുന്നത്. മലബാർ മേഖലയിൽ പട്ടികജാതി, പട്ടിക വർഗം, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കടക്കം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അർഹതപ്പെട്ട വിദ്യാർത്ഥികളില്ലാത്തതിനാൽ മൂന്നാമത്തെ അലോട്ട്മെന്റിൽ അവ മെരിറ്റ് സീറ്റുകളാക്കി മാറ്റിയിരുന്നു.


