‘തിരഞ്ഞെടുപ്പ് സമയത്ത് 17 ചാക്ക് കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിലെത്തി’; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി

ബിജെപി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്
തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിലെത്തിയതായി വെളിപ്പെടുത്തൽ. ബിജെപി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
‘തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് ഫണ്ട് എന്ന നിലയിൽ പണം വരാറുണ്ട്. തൃശൂരിലെ ബിജെപി സംഘടനാ സെക്രട്ടറി കെ പി സുരേഷ്, മുരളി കൊളങ്ങാട്ട് അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ് എന്നിവരാണ് പണം കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാര്യത്തിനായാണ് ഈ പണം വന്നതെന്നാണ് ആദ്യം പറഞ്ഞത്. ഗാന്ധിനഗറിലെ ഒരു വീട്ടിൽ പണം സൂക്ഷിച്ചിരുന്നു. അവിടെനിന്ന് ഒരു കോടി രൂപയെടുത്ത് തമിഴ്‌നാട്ടിലേയ്ക്ക് കൊടുത്തയച്ചപ്പോൾ ഞാനുമുണ്ടായിരുന്നു. സംഘടനാ സെക്രട്ടറിയുടെ അഭാവത്തിൽ അദ്ദേഹം പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.
ടിഎൻ രജിസ്‌ട്രേഷൻ വണ്ടിയിലാണ് പണം കയറ്റി അയച്ചത്. പിന്നീട് രണ്ടുദിവസത്തിനുശേഷമാണ് അവിടെനിന്ന് 17 ചാക്ക് പണം ഓഫീസിലെത്തിയത്. അവ സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ രണ്ടുദിവസം മുൻപ് രാവിലെ ഈ പണം പുറത്തേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഏകദേശം 25 കോടി രൂപയുണ്ടെന്നാണ് മനസിലാക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യത്തിനും ശേഷമുള്ള പണമാണിത്.
പണം എവിടെനിന്നാണ് വന്നതെന്നും എന്തിനാണ് വന്നതെന്നും അറിയില്ല. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഓഫീസിലെ സിസിടിവിയിലെ ഡിവിആർ മാറ്റി പുതിയത് സ്ഥാപിച്ചു. ഇതിൽ സംഘടനാ സെക്രട്ടറി, മുരളി കൊളങ്ങാട്ട്, അഭിഭാഷകനായ അനീഷ് കുമാർ എന്നിവരുടെ പങ്കുണ്ട്. സിസിടിവി ഓഫ് ചെയ്യാൻ എന്നെയും നിർബന്ധിച്ചിട്ടുണ്ട്. ഞാനിനി അവിടെ തുടരുന്നത് ആപത്താണെന്ന് മനസിലാക്കിയാണ് എന്നെ പിരിച്ചുവിട്ടത്. ഇത്തരം സംഭവങ്ങൾ നടക്കുന്നതായി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖറിന് മെയിൽ അയച്ചിട്ടുണ്ട്’- അക്ഷയ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
English Summary
A former BJP office secretary in Thrissur has alleged that large amounts of unaccounted cash, estimated at around ₹25 crore, were stored and moved through the party office during the election period. He also claimed CCTV records were altered after the polls. These are allegations made by the former official and have not been independently verified.
RELATED TOPICS: THRISSUR BJP, BJP BLACK MONEY ALLEGATION, AKSHAY BJP OFFICE SECRETARY, THRISSUR ELECTION FUND
Read News ⏭️


