NEWS
മദ്യപിക്കുന്നതിനിടെ തർക്കം; ബാറിൽ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം∙ വെമ്പായത്തെ ബാറിൽ മദ്യപസംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മറ്റുള്ളവരുടെ ദേഹത്തേയ്ക്ക് പെട്രോൾ ഒഴിച്ച് തീവെച്ച നന്നാട്ടുകാവ് സ്വദേശി അനീഷ് (32) മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അനീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാറില്‍ മദ്യപിക്കാന്‍ എത്തിയ എത്തിയ അനീഷ് നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോഫയില്‍ ഇരുന്നവരുടെ ദേഹത്തേക്കാണ് പെട്രോളൊഴിച്ചത്. ശരീരത്തില്‍ തീ പടര്‍ന്നതോടെ ഇവര്‍ എഴുന്നേറ്റ് ഓടി. സംഭവത്തില്‍ ബാര്‍ കത്തിനശിച്ചു. ഇതിനിടെ അനീഷിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവ സമയത്ത് ഒട്ടേറെപ്പേര്‍ ബാറിലുണ്ടായിരുന്നു. ഇവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അനീഷ്(32), ഇരിഞ്ചയം സ്വദേശി അരുണ്‍(36), വെമ്പായം സ്വദേശികളായ നൗഫല്‍, റിയാസ് നവാസ്, ശ്യാം എന്നിവരുള്‍പ്പെടെ 6 പേര്‍ക്ക് പൊള്ളലേറ്റു.
Fashion ⏭️


