NEWS
എംജിക്ക് പിന്നാലെ ജർമൻ കാർ ഭീമനും ജെഎസ്ഡബ്ല്യുവിന്റെ കൂടാരത്തിലേക്ക്; ഫോക്സ്വാഗന്റെ ബിസിനസ് ഏറ്റെടുക്കും

ജർമൻ കാർ ഭീമന്റെ ഇന്ത്യയിലെ ബിസിനസുകൾ ഏറ്റെടുക്കാൻ ഇന്ത്യൻ കമ്പനി. സജ്ജൻ ജിൻഡാൽ ചെയർമാനായ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് ഫോക്സ്വാഗൻ ഇന്ത്യയെ ഏറ്റെടുക്കുന്നത്. ഫോക്സ്വാഗൻ, സ്കോഡ, ഔഡി, പോഷോ, ലംബർഗിനി, ബെന്റ്ലി തുടങ്ങിയ ആറു ബ്രാൻഡുകൾ ഇന്ത്യയിൽ കൈകാര്യം ചെയ്യുന്നത് സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യ എന്ന കമ്പനിയാണ്. ഇതിലെ ഭൂരിഭാഗം ഓഹരികളും ജെഎസ്ഡബ്ല്യു ഏറ്റെടുക്കുമെന്ന് ‘ബ്ലൂംബെർഗ്’ റിപ്പോർട്ട്. നിലവിൽ ചൈനീസ് കമ്പനികളായ എംജി മോട്ടറുമായും ചെറിയുമായും ജെഎസ്ഡബ്ല്യുവിന് ഇന്ത്യയിൽ പങ്കാളിത്തമുണ്ട്. സ്വന്തം ബ്രാൻഡിൽ വാഹനങ്ങൾ പുറത്തിറക്കാനും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ തദ്ദേശീയ കമ്പനിയുമായി സഹകരണത്തിന് ഏറെക്കാലമായി ഫോക്സ്വാഗൻ ശ്രമിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ സജീവ സാനിധ്യമാണെങ്കിലും വലിയ രീതിയിലുള്ള ഉൽപാദനത്തിേലക്ക് നീങ്ങാൻ ഫോക്സ്വാഗന് കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് മഹീന്ദ്ര ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഈ നീക്കം പരാജയപ്പെട്ടു.
Fashion ⏭️


