NEWS

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം: മന്ത്രി കെ.മുരളീധരന്‍

കെ.മുരളീധരന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകള്‍, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടല്‍ എന്നിവ സംബന്ധിച്ച് രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിത പരിശീലനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മോഡല്‍ ആശുപത്രികള്‍, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം.

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ഓരോ ജില്ലയിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നാല് ഉദ്യോഗസ്ഥരെ വീതം കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. അപെക്‌സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ മുഖേനയാണ് ഇവര്‍ക്കുള്ള പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അതത് മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപനതല പരിശീലനം നല്‍കണം.

ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മോഡല്‍ ആശുപത്രികള്‍, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മുഖേന നടത്തും. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലാതലത്തിലും സ്ഥാപനതലത്തിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം പത്ത് പേരടങ്ങുന്ന ബാച്ചുകളായാണ് പത്തുദിവസത്തെ പരിശീലനം നല്‍കുക. അര്‍ഹരായ എല്ലാ ജീവനക്കാരും രണ്ട് മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാനാണ് മന്ത്രി കെ.മുരളീധരന്റെ നിര്‍ദ്ദേശം.

രോഗികളുമായും സന്ദര്‍ശകരുമായും ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കും. അതിനാല്‍ താല്‍ക്കാലിക, കരാര്‍, ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ജീവനക്കാരും നിര്‍ബന്ധമായും നിശ്ചയിച്ച പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കണം. നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനും ജോലിയില്‍ പ്രവേശിക്കാനോ തുടരാനോ അനുവദിക്കില്ലെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

Read News ⏭️

Back to top button